30 September, 2023 11:43:05 AM
ആദ്യഭാര്യയിലെ മകനുമായി അവിഹിതമെന്നാരോപിച്ച് രണ്ടാംഭാര്യയെ കൊന്നു; ഭർത്താവ് അറസ്റ്റിൽ
ഛത്തർപൂർ: യുപിയിലെ ചമ്രഹ ഗ്രാമത്തിൽ സ്ത്രീയുടെ മൃതദേഹം കഴുത്തറുത്തെ നിലയിൽകണ്ടെത്തി. ഇവരുടെ നാല് വിരലുകളും അറുത്തു മാറ്റിയ നിലയിലായിരുന്നു. മധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിലെ പഹ്‌റ ഗ്രാമവാസിയായ രാംകുമാർ അഹിർവാറിന്‍റെ ഭാര്യ മായാ ദേവിയാണ് കൊല്ലപ്പെട്ടത്.
മൃതദേഹത്തിൽ ഭാഗികമായി മാത്രമാണ് വസ്ത്രം ഉണ്ടായിരുന്നതെന്നും മൃതദേഹം കിടന്നിടത്തു നിന്നും കുറച്ച് അകലെ നിന്നാണ് തല കണ്ടെത്തിയതെന്നും പോലീസ് സൂപ്രണ്ട് അങ്കുർ അഗർവാൾ പറഞ്ഞു.
പ്രഥമദൃഷ്ട്യാ നടത്തിയ അന്വേഷണത്തിൽ വീട്ടുകാരെയാണ് പോലീസ് സംശയിച്ചത്. തുടർന്ന് മായാദേവിയുടെ ഭർത്താവ് രാംകുമാർ, രാംകുമാറിന്‍റെ ആദ്യ ഭാര്യയിലെ മക്കളായ സൂരജ് പ്രകാശ്, ബ്രിജേഷ്, അനന്തരവൻ ഉദൈഭൻ എന്നിവരെ ചോദ്യം ചെയ്തു. കൊലപാതകം നടത്തിയത് തങ്ങളാണെന്ന് ഇവർ സമ്മതിച്ചതായി പോലീസ് സൂപ്രണ്ട് പറഞ്ഞു.
മായാദേവി തന്‍റെ രണ്ടാം ഭാര്യയാണെന്നും തന്‍റെ ആദ്യഭാര്യയിലെ ഒരു മകനുമായി അവിഹിതബന്ധം പുലർത്തിയിരുന്നതായും മറ്റൊരു മകനുമായും ബന്ധം ആരംഭിക്കാൻ ആഗ്രഹിച്ചിരുന്നതായും രാംകുമാർ പോലീസിനോട് പറഞ്ഞു. ഇതിൽ പ്രകോപിതരായ നാലുപേരും ചേർന്ന് മായാദേവിയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കുകയായിരുന്നു.
ഒരു വാഹനത്തിൽ മായാദേവിയെ ചമ്രഹ ഗ്രാമത്തിലേക്ക് കൊണ്ടുപോയി കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും കോടാലി കൊണ്ട് തല അറുത്തു മാറ്റുകയും ചെയ്തു. പിന്നീട് മായാദേവിയുടെ നാല് വിരലുകളും മുറിച്ചു മാറ്റുകയായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച വാഹനവും കോടാലിയും പോലീസ് കണ്ടെടുത്തതായി എസ്പി പറഞ്ഞു.