28 September, 2023 02:34:30 PM
ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി
കാട്ടാക്കട: ഗൃഹനാഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതി ജാമ്യത്തില്‍ ഇറങ്ങി വീണ്ടും ആക്രമണം നടത്തി. പ്രതിയെ വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പിടികൂടി പൊലീസിന് കൈമാറി. അമ്പലത്തിന്‍കാല കുളവിയോട് എസ് കെ സദനത്തില്‍ കിച്ചു (30) ആണ് പ്രതി.
അമ്പലത്തിന്‍കാല സ്വദേശി രാജേന്ദ്രനോടാണ് പ്രതി വീണ്ടും മുന്‍ വൈരാഗ്യം കാണിച്ചത്. വൈരാഗ്യത്തിന്‍റെ പേരില്‍ പാമ്പിനെ വീടിനുള്ളിലേക്ക് എറിഞ്ഞ സംഭവത്തില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയും പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ പ്രതി രാജേന്ദ്രന്‍റെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു.
ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആയിരുന്നു സംഭവം. വടിവാളുമായി എത്തിയ പ്രതി കേസില്‍ കുടുക്കി എന്ന് ആരോപിച്ച് ബഹളം വയ്ക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ആയിരുന്നു എന്ന് വീട്ടുകാര്‍ പറഞ്ഞു. വീട്ടുകാര്‍ ബഹളം വച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി ഇയാളെ കാട്ടാക്കട പൊലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് പുലര്‍ച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആള്‍ പെരുമാറ്റം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു നോക്കുമ്പോള്‍ പ്രതി പാമ്പിനെ ജനാലയിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കാണുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാര്‍ പാമ്പിനെ അടിച്ചു കൊന്നു. ഇതിന് പിന്നാലെ കാട്ടാക്കട പൊലീസില്‍ രാജേന്ദ്രന്‍ പരാതി നല്‍കി.