26 September, 2023 02:45:39 PM
ദാദാ സാഹിബ് ഫാൽകെ പുരസ്കാരം; പ്രശസ്ത നടി വഹീദ റഹ്മാന്
ഡൽഹി: സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചുള്ള ഈ വർഷത്തെ ദാദാ സാഹേബ് ഫാൽകെ പുരസ്കാരം ബോളിവുഡിന്റെ ഇതിഹാസ നായിക വഹീദ റഹ്മാന്. വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
തമിഴ്നാട്ടിലെ ഒരു സാധാരണ മുസ്ലീം കുടുംബത്തിൽ ജനിച്ചു വളർന്ന് വഹീദ 1955ൽ 'റോജുലു മറായി' എന്ന തെലുങ്കുചിത്രത്തിൽ ഒരു ഐറ്റം നമ്പറിലൂടെയാണ് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത്. തുടർന്ന് 1955-ൽ 'സിഐഡി' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു. 'പ്യാസ', 'കാഗസ് കാ ഫൂൽ', 'ചൗദഹ് വിൻ കാ ചാങ്', 'സാഹിബ് ബീബി ഔർ ഗുലാം', 'ഗൈഡ്', 'റാം ഔർ ശ്യാം', 'നീൽ കമൽ', 'ഖാമോശീ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ നായികയായ വഹീദ അറുപതുകളിലും എഴുപതുകളിലും ബോളിവുഡിലെ സ്വപ്നനായികയായി വഹീദ റഹ്മാൻ മാറി.
അഭിനയത്തിൽ നിന്നും ഒരിടവേള എടുത്ത വഹീദ 2002ൽ 'ഓം ജയ് ജഗദീഷ്' എന്ന ചിത്രത്തിലൂടെയാണ് തിരികെ വെള്ളിത്തിരയിലെത്തുന്നത്. 'വാട്ടർ', 'മെയിൻ ഗാന്ധി കോ നഹി മാരാ', '15 പാർക്ക് അവന്യൂ', 'രഗ് ദേ ബസന്തി', 'ഡൽഹി 6', 'വിശ്വരൂപം 2' എന്നീ ചിത്രങ്ങളിലൂടെ ക്യാരക്ടർ റോളുകളിലും വഹീദ രണ്ടാം വരവ് ഗംഭീരമാക്കി.
തന്റെ പ്രിയനായകൻ ദേവ് ആനന്ദിന്‍റെ നായികയായി കൊണ്ടായിരുന്നു വഹീദയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. 'ഗുരുദത്ത്', 'ദിലീപ് കുമാർ', 'സുനിൽ ദത്ത്' എന്നിവരുടെ നായികയായും വഹീദ അക്കാലത്ത് ബോളിവുഡിന്‍റെ ആരാധാനാപാത്രമായി. വിശ്വാസപരിസരം തന്‍റെ കരിയറിന് വേലിതീർത്തപ്പോൾ ആ വേലിക്കെട്ടുകളെ പൊട്ടിച്ചെറിഞ്ഞുകൊണ്ട് നൃത്തവും അഭിനയവും ജീവശ്വാസമാക്കി മാറ്റിയ വഹീദയുടെ ജീവിതം എല്ലാ തലമുറയിൽപെട്ട് സ്ത്രീകൾക്കും പ്രചോദനമാണ്.
'പെൺകുട്ടികളെ ഭരതനാട്യം പഠിപ്പിക്കുകയും സിനിമയിൽ അഭിനയിപ്പിക്കുകയുമൊക്കെ ചെയ്താൽ വിവാഹം നടക്കുമോ എന്ന് പിതാവിന്റെ ചില സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ വിമർശനം ഉന്നയിച്ചു. ഭൂമിയിലെ ഒരു ജോലിയും മോശപ്പെട്ടതല്ല, മനുഷ്യരാണ് ചീത്തയാകുന്നത്,' എന്നായിരുന്നു അദ്ദേഹം അവർക്ക് മറുപടി നൽകിയത്,' എന്നാണ് വഹീദ ഒരഭിമുഖത്തിൽ പറഞ്ഞത്.