23 September, 2023 09:52:08 AM
മലയാള സിനിമയുടെ കാരണവർ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ
തിരുവനന്തപുരം: മലയാള സിനിമയുടെ കാരണവര്‍ മധുവിന് ഇന്ന് തൊണ്ണൂറാം പിറന്നാൾ. തലസ്ഥാനത്തെ ഗൗരീശപടത്ത് 1933 സെപ്റ്റംബർ 23നാണ് തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടെ മൂത്തമകനായി മാധവൻ നായർ എന്ന മധു ജനിച്ചത്. തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തിൽ പ്രിയ താരത്തിന്‍റെ നവതി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
ചെറുപ്പകാലം മുതൽ അഭിനയമോഹമുണ്ടായിരുന്ന മധു ആ മോഹം മൂലമാണ് 1959 ൽ അദ്ധ്യാപക ജോലി രാജിവച്ച് നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ചേർന്നത്. അവിടുത്തെ ആദ്യ ബാച്ചിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായിരുന്നു അദ്ദേഹം. പഠനം പൂർത്തിയായ ശേഷം നാടകത്തിൽ സജീവമാകാനായിരുന്നു അന്ന് മധു തീരുമാനിച്ചിരുന്നത്. എന്നാൽ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയിൽ പഠിക്കുന്ന കാലത്ത് അദ്ദേഹം രാമു കര്യാട്ടുമായി സൗഹൃദത്തിലായി. ആ സൗഹൃദം മധുവിന്റെ നിയോഗം മറ്റൊന്നാക്കി മാറ്റി.
രാമു കാര്യാട്ടുമായുള്ള അടുപ്പമാണ് 'മൂടുപടം' എന്ന ചിത്രത്തിലേക്ക് വഴി തുറന്നത്. എന്നാൽ ആദ്യം പുറത്തുവന്നത് 'നിണമണിഞ്ഞ കാൽപാടുകൾ' ആണ്. 1969ൽ ക്വാജ അഹമ്മദ് അബ്ബാസ് ഒരുക്കിയ 'സാത്ത് ഹിന്ദുസ്ഥാനി' എന്ന ചിത്രത്തിലൂടെ ഹിന്ദിയിലും അരങ്ങേറ്റം കുറിച്ചു. ബോളിവുഡ് സൂപ്പർ സ്റ്റാർ അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രം കൂടിയായിരുന്നു സാത്ത് ഹിന്ദുസ്ഥാനി.
മലയാള സിനിമയിലെ മഹാപ്രതിഭ പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയിട്ട് അറു പതിറ്റാണ്ട് പിന്നിടുകയാണ്. നായകനായും പ്രതിനായകനായും മലയാളത്തെ വിസ്മയിപ്പിച്ച നാട്യവിസ്മയം. അഭ്രപാളിയിലെ ക്ഷുഭിത യൗവനം. കറുത്തമ്മയെ പ്രണയിച്ച പരീക്കുട്ടിയും ആ നഷ്ടപ്രണയവും ഇന്നും മലയാളികളുടെ തീരാനോവാണ്.
ഓളവും തീരവും, ഏണിപ്പടികൾ, ഭാർഗവീ നിലയം, ഇതാ ഒരു മനുഷ്യൻ, ഹൃദയം ഒരു ക്ഷേത്രം, ജീവിതം, പ്രായിക്കര പാപ്പാൻ, നരൻ എന്നിങ്ങനെ നാനൂറിലേറെ ചിത്രങ്ങളിലെ തലപ്പൊക്കമായി മധു. നിത്യഹരിത നായകരായി സത്യനും നസീറും മലയാളത്തിന്റെ സിനിമാ കൊട്ടകകളിൽ നിറഞ്ഞു നിന്ന കാലഘട്ടത്തിൽ പഴുതാര മീശയുമായെത്തിയ മധു, നായകഭാവത്തിന്റെ വേറിട്ട വഴിയൊരുക്കി.
പ്രമുഖ സാഹിത്യ സൃഷ്ടികളെ ആധാരമാക്കി ഒരുക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അവിസ്മരണായമാക്കുന്നതിൽ പ്രത്യേകം വൈഭവം മധു പ്രകടമാക്കി. 2004 ൽ സംസ്ഥാന സർക്കാർ ജെ സി ഡാനിയേൽ പുരസ്കാരം നൽകി ആദരിച്ചു. 2013 ൽ പത്മശ്രീ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 12 ചിത്രങ്ങൾ സംവിധാനം ചെയ്തു. 15 ചിത്രങ്ങൾ നിർമിച്ചു. പതിവ് അച്ഛൻ കഥാപാത്രങ്ങളിൽ നിന്ന് ഒന്ന് മാറി നിൽക്കുകയാണ് മഹാനടൻ. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്ത വേഷങ്ങൾ ഇനി ഇല്ലെന്നാണ് നിലപാട്. വെല്ലുവിളികളുള്ള വേഷങ്ങൾ കൊണ്ടുവരൂ, ഈ പ്രായത്തിലും ചെയ്യുമെന്നും മധു പറഞ്ഞു വയ്ക്കുന്നു.