22 September, 2023 02:26:44 PM
സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് നിയമനം; ഏറ്റെടുക്കാൻ മടിച്ച് സുരേഷ് ഗോപി
തിരുവനന്തപുരം: സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷസ്ഥാനം ഏറ്റെടുക്കാൻ മടിച്ച് സുരേഷ് ഗോപി. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതായി സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 3 വർഷമാണ് കാലാവധി. ബിജെപിയുടെ കേന്ദ്ര നേതാക്കളുമായി ചർച്ച നടത്തിയതിനു ശേഷം മാത്രമേ സ്ഥാനം ഏറ്റെടുക്കൂ എന്നാണ് സുരേഷ്ഗോപിയുടെ നിലപാട്. തന്നോട് ആലോചിക്കാതെ അധ്യക്ഷ സ്ഥാനം നൽകിയതിൽ സുരേഷ് ഗോപി അതൃപ്തനാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ നിന്ന് മത്സരിക്കാൻ ഒരുങ്ങുന്നതിനിടെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ സ്ഥാനം നൽകിയത് ഒതുക്കാനുള്ള ശ്രമമാണോ എന്ന ആശങ്കയും ശക്തമാണ്. കേന്ദ്ര നേതാക്കളോട് തന്‍റെ അഭിപ്രായം അറിയിക്കാനാണ് സുരേഷ് ഗോപിയുടെ നീക്കം. എന്നാൽ സുരേഷ് ഗോപിയെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിയമിച്ചതിൽ തങ്ങൾക്ക് പങ്കില്ലെന്ന് ബിജെപിയുടെ സംസ്ഥാന നേതാക്കൾ പറയുന്നു.
അതേ സമയം സത്യജിത് റേ ഫിലിം ഇൻസ്റ്റിറ്റ്യൂഷൻ വിദ്യാർഥി യൂണിയൻ സുരേഷ് ഗോപിയെ അധ്യക്ഷനാക്കുന്നതിൽ എതിർപ്പുമായി രംഗത്തുണ്ട്. ഹിന്ദുത്വ പ്രത്യശ ശാസ്ത്രം പിന്തുടരുന്ന സുരേഷ് ഗോപി ബിജെപിയുടെ സജീവ നേതാവാണ്. രാജ്യത്തിന്‍റെ മതേതര ഘടനയെ ഭീഷണിപ്പെടുത്തുന്ന ധ്രുവീകരണ പ്രസ്താവനകൾ അദ്ദേഹത്തിൽ നിന്നുണ്ടായിട്ടുണ്ട്. അത്തരത്തിലൊരാൾ സ്ഥാപനത്തിന്‍റെ തലപ്പത്തു വരുന്നത് ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തിപ്പിടിക്കുന്ന നിഷ്പക്ഷതയുടെയും കലാപരമായ സ്വാതന്ത്ര്യത്തിന്‍റെയും തത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യലാകും എന്നാണ് വിദ്യാർഥി യൂണിയൻ പ്രസ്താവന ഇറക്കിയിരിക്കുന്നത്.