26 August, 2023 10:47:20 AM


ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം; പ്രചരണ പരിപാടികൾ ഒഴിവാക്കി ചാണ്ടി ഉമ്മൻ



കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 40-ാം ചരമദിനം ഇന്ന്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായ മകൻ ചാണ്ടി ഉമ്മൻ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ ഒഴിവാക്കി. 

ചരമദിന ഭാഗമായുള്ള ചടങ്ങുകൾ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ രാവിലെ നടന്നു. കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയസ് മെത്രാപൊലീത്ത മുഖ്യകാർമികത്വം വഹിച്ചു. തുടർന്ന് കല്ലറയിൽ ധൂപ പ്രാർഥന നടന്നു. 

ഉമ്മൻ ചാണ്ടിയുടെ ബന്ധുമിത്രാദികളും നേതാക്കളും പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. പതിനായിരത്തോളം പേർക്ക് പ്രഭാത ഭക്ഷണവും പള്ളിയിൽ ഒരുക്കിയിരുന്നു. വീട്ടിലും പ്രത്യേക പ്രാർഥനയുണ്ടായിരുന്നു.

40-ാം ചരമദിന ഭാഗമായി കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലും രാവിലെ സ്മൃതിയാത്രകൾ, സർവമത പ്രാർഥന എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. യൂത്ത് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ വൈകിട്ട് പുതുപ്പള്ളി പള്ളിയിൽ നിന്ന് പുതുപ്പള്ളി കവലയിലേക്കു പദയാത്രയും തുടർന്ന് യുവജന സംഗമവും സംഘടിപ്പിച്ചിട്ടുണ്ട്. 

നാളെ തിരുവനന്തപുരം സെന്‍റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിൽ രാവിലെ കുർബാനയും, പുതുപ്പള്ളി ഹൗസിലെ പ്രാർഥനകളോടെയുമാണ് ഉമ്മൻ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാകുന്നത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K