16 August, 2023 12:16:15 PM


പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ജയ്ക്ക് സി.തോമസ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു



കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് നാമനിർദേശപത്രിക സമർപ്പിച്ചു. കോട്ടയം ആർഡിഒ വിനോദ് രാജ് മുമ്പാകെയാണ് പത്രിക സമർപ്പിച്ചത്.

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി, എ.വി.റസ്സൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.വി.ബി.ബിനു, കേരള കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് പ്രൊഫ. ലോപ്പസ് മാത്യൂ, എൻസിപി സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറി അഡ്വ.കെ.ആർ രാജൻ എന്നിവരോടൊപ്പം എത്തിയാണ് പത്രിക സമർപ്പിച്ചത്. നിലവിൽ ഒരു സെറ്റ് പത്രികയാണ് നൽകിയത്.

സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് നേതാക്കൾക്കും, അണികൾക്കും ഒപ്പം പ്രകടനമായി താലൂക്ക് ഓഫീസിന് സമീപത്തേക്ക് എത്തി. തുടർന്ന് നേതാക്കൾ മാത്രം സ്ഥാനാർത്ഥിക്കൊപ്പം പത്രിക സമർപ്പണത്തിനായി ആർഡിഒ ഓഫീസിലേക്ക് എത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ, മന്ത്രി വി.എൻ വാസവൻ തുടങ്ങിയവരും ജയ്ക്കിനൊപ്പം പ്രകടനത്തിലുണ്ടായിരുന്നു. ജയ്ക് സി തോമസിന് കെട്ടിവയ്ക്കുവാനുള്ള തുക ഡിവെെഎഫ്ഐയാണ് ജയ്ക്കിന് കെെമാറിയത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K