14 August, 2023 12:20:37 PM
ലഹരിക്കെതിരെ കോട്ടയം ജില്ലയിൽ വ്യാപകപരിശോധന: 21 പേര്‍ പിടിയില്‍
കോട്ടയം: ജില്ലയിൽ ലഹരിവസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും തടയുന്നതിന്റെ ഭാഗമായും മുൻകാലങ്ങളിൽ വിവിധ കേസുകളിൽ പെട്ട് കോടതി ശിക്ഷ വിധിച്ചിട്ടും ഒളിവിൽ കഴിയുന്ന പ്രതികളെ കണ്ടെത്തുന്നതിനായും ജില്ലയിലുടനീളം പോലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്‍റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ജില്ലയിലെ എല്ലാ ഡി.വൈ.എസ്.പി മാരെയും എസ്.എച്ച്.ഓ മാരെയും പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ പരിശോധനയിൽ കോടതിയെ കബളിപ്പിച്ച് ഒളിവിൽ കഴിഞ്ഞ് വന്നിരുന്ന 10 പേര്‍ അറസ്റ്റിലായി.
ഇതു കൂടാതെ മറ്റു കേസുകളിലായി 11 പേരെയും അറസ്റ്റ് ചെയ്തു. ഇതിനുപുറമേ കാപ്പാ ചുമത്തിയ പ്രതികൾക്കായും ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ പ്രത്യേക പരിശോധന നടത്തി. പരിശോധനയിൽ എൻ.ഡി.പി.എസ് ആക്റ്റ് പ്രകാരം ഏഴ് കേസും, അബ്കാരി ആക്റ്റ് പ്രകാരം 37 കേസും കോഡ്പ ആക്റ്റ് പ്രകാരം 19 കേസുകളും ഉൾപ്പെടെ 137 കേസുകൾ രജിസ്റ്റർ ചെയ്തു.