12 August, 2023 12:27:47 PM
യോഗി സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റുമുട്ടല്‍; കൊലപാതക റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് സുപ്രീംകോടതി
ന്യൂഡൽഹി: യോഗി ആദിത്യനാഥ് സർക്കാരിന്‍റെ കാലത്ത് ഉത്തർപ്രദേശിൽ നടന്ന ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ സമഗ്ര റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീംകോടതി ഉത്തരവ്. ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്‍റെയും സഹോദരന്‍റെയും കൊലപാതകവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവേയാണ് സുപ്രീംകോടതിയുടെ നിർദേശം. ജസ്റ്റിസുമാരായ എസ്. രവീന്ദ്ര ഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.
2017 മുതൽ യുപിയിൽ നടന്നിട്ടുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ അന്വേഷണ പുരോഗതി, ഏതൊക്കെ കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു, സ്വീകരിച്ച ശിക്ഷാ നടപടികൾ എന്നിവ അടങ്ങുന്ന സത്യാവാങ്മൂലം ആറ് ആഴ്ചക്കുള്ളിൽ സമർപ്പിക്കാനാണ് നിർദേശം. പൊലീസ് എൻകൗണ്ടറുമായി ബന്ധപ്പെട്ട് നിലവിലുള്ള മുൻകാല മാർഗനിർദേശങ്ങൾ എത്രത്തോളം പാലിച്ചിട്ടുണ്ടെന്നു വ്യക്തമാക്കാനും കോടതി നിർദേശിച്ചു. മാത്രമല്ല, ഏറ്റുമുട്ടൽ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മിഷൻ തയാറാക്കിയ പൊതുമാർഗരേഖയ്ക്ക് സമാനമായത് തയാറാക്കണമെന്നും സുപ്രീംകോടതി അറിയിച്ചു.