08 August, 2023 05:44:37 PM


മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച തുക നാലു വര്‍ഷമായി കൈവശം സൂക്ഷിച്ച് വില്ലേജ് ഓഫീസര്‍



കോട്ടയം: മഹാപ്രളയം, കോവിഡ് തുടങ്ങിയ മഹാമാരിക്കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവന തുക സിഎംഡിആര്‍എഫ് ഫണ്ടിൽ അടയ്ക്കാതെ 4 വർഷമായി  കൈവശം സൂക്ഷിച്ച് വില്ലേജ് ഓഫീസര്‍.

കോട്ടയം ജില്ലയിലെ കടുത്തുരുത്തി വില്ലേജ് ഓഫീസർ  സജി വർഗ്ഗീസ്  വിവിധ സേവനങ്ങൾക്ക് എത്തുന്ന അപേക്ഷകരിൽ നിന്നും സർട്ടിഫിക്കറ്റുകൾ അനുവദിക്കുന്നതിനും  അനധികൃത മണ്ണ്  ഖനനം നടത്തുന്ന മാഫിയകൾ  നിന്നും കൈക്കൂലി കൈപ്പറ്റുന്നു എന്ന വ്യാപകമായ പരാതിയെ തുടർന്ന് വില്ലേജ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍.

2018 ഓഗസ്റ്റ് 15 മുതൽ  2019 സെപ്റ്റംബര്‍ 17 വരെയുള്ള ഒരു വർഷക്കാലത്തെ സംഭാവന തുകയാണ്  നാളിത് വരെ ഇയാള്‍ അടയ്ക്കാതെ കൈവശം സൂക്ഷിച്ചിരുന്നത്. കോട്ടയം വിജിലൻസ് ഡെപൂട്ടി പോലീസ് സൂപ്രണ്ട്  പിവി മനോജ് കുമാറിന്‍റെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇത്തരം പ്രശ്നങ്ങള്‍ കണ്ടെത്തിയത്.

കടുത്തുരുത്തി വില്ലേജ് ഓഫീസിൽ കണ്ടെത്തിയ ഗുരുതര ക്രമക്കേട് സംബന്ധിച്ച് വില്ലേജ് ഓഫീസർ സജി വർഗ്ഗീസിന് എതിരെ കർശന നടപടികൾ സ്വീകരിക്കുന്നതിന് വിജിലൻസ് ഡയറക്ടർക്ക്  റിപ്പോർട്ട് നൽകുമെന്ന് വിജിലൻസ് അറിയിച്ചു


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K