26 July, 2023 10:52:18 AM
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്കിന്‍റെ ശബ്ദം തടസ്സപ്പെട്ട സംഭവം; പൊലീസ് കേസെടുത്തു
തിരുവനന്തപുരം: കെപിസിസിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്കിന്‍റെ ശബ്ദം തടസ്സപ്പെട്ടതിന് കേസ്. കന്റോമെന്‍റ് പോലീസാണ് സ്വമേധയാ കേസെടുത്തത്. കേരളാ പോലീസ് ആക്‌ട് പ്രകാരമാണ് കേസ്. 118 ഇ കെപിഎ ആക്‌ട് പ്രകാരം ആണ് കേസെടുത്തിരിക്കുന്നത്.
അയ്യൻകാളി ഹാളില്‍ കഴിഞ്ഞ ദിവസമായിരുന്നു കെപിസിസി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നടന്നത്. മുഖ്യമന്ത്രിയുടെ പ്രസംഗതിനിടെ മൈക്കിന് ഇടക്ക് സാങ്കേതിക തകരാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെയും പ്രതി ചേർത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മൈക്കും കേബിളും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇത് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് പരിശോധിക്കും.
ആസൂത്രിത നീക്കമെന്ന് പൊലീസ്
ആംപ്ലിഫയറിൽ നിന്ന് മൈക്കിലേക്കുള്ള കേബിൾ ബോധപൂർവം ചവിട്ടിപ്പിടിച്ചെന്നാണ് വിലയിരുത്തൽ. പ്രതി അറിഞ്ഞുകൊണ്ട് പൊതുസുരക്ഷയിൽ വീഴ്ചയുണ്ടാക്കണമെന്നുള്ള ഉദ്ദേശ്യത്തോടു കൂടി മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് തടസ്സം വരുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസ് സ്വമേധയാ എടുത്ത കേസിൽ ഇൻസ്പെക്ടർ ബി.എം.ഷാഫിയാണ് അന്വേഷണം നടത്തുന്നത്.