22 August, 2016 09:01:47 PM


കലാഭവന്‍ മണിയുടെ മരണം : പോലീസ് അന്വേഷണത്തില്‍ സംശയമെന്ന് വിനയന്‍



ചാലക്കുടി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച് എന്താണ് സംഭവിച്ചതെന്നു കണ്ടുപിടിക്കാന്‍ കഴിയാത്ത പോലീസ് കേസന്വേഷണം സിബിഐയ്ക്കു വിട്ടുകൊണ്ട് കൈകഴുകിയിരിക്കയാണെന്നു സിനിമാസംവിധായകന്‍ വിനയന്‍. കലാഭവന്‍ മണിയുടെ അസ്വാഭാവിക മരണത്തിനു പിന്നിലുള്ള ദുരൂഹതകള്‍ പുറത്തുകൊണ്ടു വരുന്നതിനായി പ്രഖ്യാപിച്ച സിബിഐ അന്വേഷണം ദ്രുതഗതിയിലാക്കണമെന്ന് ആവശ്യപ്പെട്ട് മണിക്കൂടാരം (വാട്‌സ് ആപ്പ് ആന്‍ഡ് ഫേസ് ബുക്ക് ഗ്രൂപ്പ്) ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പോലീസ് എത്രമാത്രം കാര്യക്ഷമമായി കേസ് കൈകാര്യം ചെയ്തുവെന്നതില്‍ സംശയമുണ്ടെന്നും അന്വേഷണം നിസാരവത്കരിക്കയാണ് ചെയ്തതെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. തുടക്കത്തില്‍ കാണിച്ച താത്പര്യം മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നീടു കാണിച്ചില്ല.  സിബിഐ അന്വേഷണം വര്‍ഷങ്ങളോളം താമസിപ്പിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ശുഷ്കാന്തി കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.


മനുഷ്യസ്‌നേഹമുള്ള ദളിത് സമൂഹത്തില്‍നിന്നും ഉയര്‍ന്നുവന്ന കലാകാരനാണ് കലാഭവന്‍ മണിയെന്നു വിനയന്‍ തുടര്‍ന്നു പറഞ്ഞു. കോമഡി നടനായിരുന്ന കലാഭവന്‍ മണിയെ നായകനാക്കി സിനിമയെടുത്തത് അദ്ദേഹത്തിന്റെ കഴിവുകള്‍ കണ്ടുകൊണ്ടാണ്. എന്നാല്‍ സിനിമാരംഗത്തുനിന്നും ഇതിനെതിരെ തനിക്കു വിമര്‍ശനം ഏല്‌ക്കേണ്ടിവന്നു. സിനിമാരംഗത്തു മണിയുടെ നേരെയുണ്ടായ വേര്‍തിരിവ് കേസന്വേഷണത്തിലുമുണ്ടായെന്ന് അദ്ദേഹം ആരോപിച്ചു. 


മണിയുടെ മരണം സംബന്ധിച്ചുണ്ടായ ദുരൂഹതകള്‍  പുറത്തുകൊണ്ടുവരുന്നതിന് ആദ്യം പ്രതികരിക്കേണ്ടിയിരുന്ന "അമ്മ' എന്ന സംഘടനയുടെ പ്രസിഡന്റ് ഇന്നസെന്റും സെക്രട്ടറി മമ്മുട്ടിയും ഒന്നും മിണ്ടിയില്ല. മണിയുടെ മരണത്തിനുശേഷം അനുസ്മരണ സമ്മേളനം നടത്തി കണ്ണീരൊഴുക്കി പിരിഞ്ഞുപോകുകയാണ് ചെയ്തത്.  അമ്മ സംഘടന എനിക്കു വിലക്ക് ഏര്‍പ്പെടുത്തിയപ്പോള്‍ തന്റെ സിനിമയില്‍ അഭിനയിക്കാന്‍ കലാഭവന്‍ മണി തയാറാണെന്ന്  അറിയിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. പച്ചയായ ജീവിതദുഃഖങ്ങള്‍ ഏറ്റുപറയാന്‍ മടി കാണിക്കാതിരുന്ന കലാഭവന്‍ മണി ജീവിതാനുഭവങ്ങളാണ് അഭിനയിച്ചത്.


അന്തരിച്ച കഥാകൃത്ത് ടി.എ. റസാഖിന്റെ മരണം വെളിപ്പെടുത്താന്‍ കോഴിക്കോട് നഗരത്തില്‍ താരങ്ങള്‍ സംഘടിപ്പിച്ച ഷോ തീരാന്‍ കാത്തുനില്‍ക്കേണ്ടിവന്നുവെന്നു വിനയന്‍ ആരോപിച്ചു. ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഷൈലജ പുഞ്ചക്കരി അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഉഷ പരമേശ്വരന്‍, എന്‍സിപി സേവാദള്‍ സ്റ്റേറ്റ് ചെയര്‍മാന്‍ പ്രദീപ് പാറപ്പുറം, അഡ്വ. ബേസില്‍ കുര്യാക്കോസ്, കോട്ടയം സോമരാജ്, ഷെറി സുരേഷ്, ഷാഫി വയനാട്, ഗിരിജ ഗോപിനാഥ് എന്നിവര്‍ പ്രസംഗിച്ചു. അഡ്വ. സജി കുറുപ്പ്  സ്വാഗതവും കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K