13 June, 2023 12:21:41 PM
ബിപോർജോയ് ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യത
ന്യൂഡൽഹി: കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്കു സാധ്യത. അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബിപോർജോയ് ചുഴലിക്കാറ്റ് അതിശക്തമായതിനെ തുടർന്ന് ഗുജറാത്ത് തീരത്ത് കനത്ത ജാഗ്രത നിർദേശം. വരും മണിക്കൂറുകളിൽ കനത്ത മഴയും 150 കീലോമീറ്റർ വേഗതയിൽ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സൗരാഷ്ട്ര-കച്ച് മേഖലയിലെ പതിനായിരത്തോളം പേരെ താൽക്കാലികമായി മാറ്റിപാർപ്പിച്ചു. അടുത്ത രണ്ടു ദിവസത്തേക്കുള്ള 67 ട്രെയിനുകൾ റദ്ദാക്കി. ആളുകളോട് വീടിനുള്ളിൽ തന്നെ കഴിയണമെന്നും നിർദേശിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ അടുത്ത രണ്ട് ദിവസം കടലിൽ പോകരുതെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യാഴാഴ്ച വരെ കടൽ പ്രക്ഷുബ്ധമാകുമെന്നാണ് അറിയിപ്പ്. ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ഉന്നതയോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ആവശ്യസാധനങ്ങൾ ഉറപ്പാക്കാൻ വേണ്ട നടപടുകൾ സ്വീകരിച്ചതായി പ്രധാനമന്ത്രി വ്യക്തമാക്കി.