12 June, 2023 01:50:02 PM
നാട്ടിലുള്ള ഭാര്യയെ നഗ്നയാക്കി മര്‍ദിച്ചു; നടപടിയെടുക്കണമെന്ന് അതിര്‍ത്തിയില്‍ നിന്നും സൈനികന്
ചെന്നൈ: നാട്ടിലുള്ള ഭാര്യയെ അര്‍ധനഗ്നയാക്കി ഉപദ്രവിച്ചവരെ കണ്ടെത്തണമെന്നും കുടുംബത്തിന് സംരക്ഷണം നല്‍കണമെന്നും കശ്മീരില്‍ നിന്നും വീഡിയോയിലൂടെ അപേക്ഷിച്ച് ഇന്ത്യന്‍ സൈനികന്. സംഭവത്തില്‍ പോലീസിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറുകയായിരുന്നു. സംഭവത്തില്‍ ഒരാള്‍ അറസ്റ്റിലായതായി സൈന്യം വ്യക്തമാക്കി.
കശ്മീരില്‍ നിയോഗിക്കപ്പെട്ടിരിക്കുന്ന ഹവീല്‍ദാര്‍ പ്രഭാകരനാണ് തന്റെ കുടുംബത്തിന് നീതി കിട്ടണം എന്നാവശ്യപ്പെട്ട് വീഡിയോ സന്ദേശം ഇട്ടത്. തന്റെ ഭാര്യയെ ആക്രമിച്ചയാള്‍ക്ക് എതിരേ നടപടിയെടുക്കണമെന്ന് പ്രഭാകരന് തമിഴ്നാട് പോലീസ് ഉന്നതനോടാണ് ആവശ്യപ്പെട്ടത്. പ്രാദേശികമായി ഉണ്ടായ ഒരു ചെറിയ വഴക്കിന്റെ പേരില്‍ ഇയാള്‍ തന്റെ ഭാര്യയെ ആക്രമിക്കുകയും അവരെ പാതി വിവസ്ത്രയാക്കിയെന്നും സൈനികന് ആരോപിക്കുന്നു. സൈനിക വേഷത്തിലാണ് പ്രഭാകരന് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.