12 June, 2023 08:24:30 AM
അയൽക്കാർ തമ്മിലുള്ള തർക്കം: 11 വയസുകാരി വെടിയേറ്റ് മരിച്ചു; 71കാരനും ഭാര്യയും അറസ്റ്റിൽ
പാരീസ്: അയൽക്കാർ തമ്മിലുള്ള തർക്കത്തെ തുടർന്ന് വടക്ക്-പടിഞ്ഞാറൻ ഫ്രാൻസിൽ 11 വയസുകാരി വെടിയേറ്റ് മരിച്ചു. ബ്രിട്ടീഷ് കുടുംബത്തിലെ പെൺകുട്ടിയാണ് മരിച്ചത്. പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് പരിക്കേറ്റതായും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബ്രിട്ടാനിയിലെ ക്വിമ്പറിനടുത്തുള്ള സെന്റ് ഹെർബോട്ടിൽ ശനിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം നടന്നത്.
പെൺകുട്ടിയുടെ കുടുംബം പുന്തോട്ടത്തിൽ നിൽക്കവേയാണ് അയൽക്കാരൻ വെടിവയ്ക്കുന്നത്. പെൺകുട്ടിയുടെ എട്ടുവയസുള്ള സഹോദരി അലാം മുഴക്കിയതോടെയാണ് വിവരം അറിഞ്ഞതെന്ന് പ്രദേശവാസി മാധ്യമങ്ങളോട് പറഞ്ഞു. 71 വയസുകാരനായ ഡച്ച് പൗരനാണ് വെടിവച്ചത്. ഇയാളെയും ഭാര്യയേയും പോലീസ് അറസ്റ്റ് ചെയ്തതായാണ് വിവരം. വെടിയേറ്റു പരിക്കേറ്റ പെൺകുട്ടിയുടെ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പിതാവിന്റെ നില അതീവ ഗുരുതരമാണെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ കാരിൻ ഹാലി പറഞ്ഞു. അതേസമയം, അയൽക്കാർ തമ്മിലുള്ള തർക്കത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല. എന്നാൽ രണ്ട് വസ്തുവകകളോട് ചേർന്നുള്ള ഒരു സ്ഥലത്തെച്ചൊല്ലി വർഷങ്ങളായി അയൽവാസികൾ തമ്മിൽ തർക്കം നിലനിന്നിരുന്നതായാണ് പ്രദേശവാസികൾ പറയുന്നത്.