11 June, 2023 09:14:11 AM
കാമുകന് കാമുകിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി
കന്യാകുമാരി: കന്യാകുമാരിയില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാമുകന് കാമുകിയുടെ തലയ്ക്ക് വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. മാര്‍ത്താണ്ഡം സ്വദേശി ബര്‍ജിന്‍ ജോഷ്വ(23) എന്ന യുവാവാണ് മരിച്ചത്. ഡെനിഷ്യ(23)യെന്ന പെണ്‍കുട്ടിയെയാണ് ഇയാള്‍ പരിക്കേല്‍പ്പിച്ചത്.
മാര്‍ത്താണ്ഡത്തിന് സമീപത്തെ സ്വകാര്യ കോളജിലെ വിദ്യാർത്ഥികളായ ഇരുവരും പ്രണയത്തിലായിരുന്നു. എന്നാല്‍ രണ്ട് മാസം മുന്‍പ് ഡെനീഷ്യ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതില്‍ ബര്‍ജിന്‍ മനോവിഷമത്തിലായിരുന്നു. നേരിട്ട് സംസാരിച്ച് പിരിയാമെന്നും കൈവശമുണ്ടായിരുന്ന ലാപ്ടോപ്പ് മടക്കി നല്‍കാമെന്നും പറഞ്ഞാണ് യുവാവ് ഡെനിഷ്യയെ വിളിച്ചുവരുത്തിയത്. സംസാരിക്കുന്നതിനിടെ ഇവര്തമ്മില് വാക്കുതര്‍ക്കമുണ്ടാകുകയും ബെര്ജിന് വെട്ടുകത്തിയെടുത്ത് ഡെനീഷ്യയെ ആക്രമിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലത്തുനിന്നും മുങ്ങി. തുടര്‍ന്ന് ഇതുവഴി വന്ന ട്രെയിനിന് മുന്നില്‍ ചാടി ബെര്ജിന് ജീവനൊടുക്കുകയായിരുന്നു. നാട്ടുകാരാണ് ഡെനിഷ്യയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ നാഗര്‍കോവില്‍ ആശാരി പള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.