08 June, 2023 02:36:50 PM
ടിനി ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ഉണ്ണികൃഷ്ണന്‍

കൊച്ചി: മലയാള സിനിമാ പ്രവര്‍ത്തകര്‍ക്കിടയിലെ ലഹരി ഉപയോഗത്തെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ നടന്‍ ടിനി ടോമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. വലിയൊരു ആരോപണം ഉന്നയിച്ചിട്ട് എക്‌സൈസ് ടിനി ടോമില്‍ നിന്ന് മൊഴിയെടുക്കാത്തത് എന്താണ് എന്ന് അദ്ദേഹം ചോദിച്ചു. സിനിമ സെറ്റില്‍ ഷാഡോ പൊലീസിനെ ഏര്‍പ്പെടുത്താനുള്ള നടപടിയേയും വിമര്‍ശിച്ചു. സംവിധായകന്‍ നജീം കോയയുടെ ഹോട്ടല്‍ മുറിയിലെ എക്‌സൈസ് പരിശോധനയ്‌ക്കെതിരെ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പരാമര്‍ശം.
"നജീം കോയയെ പരിശോധിക്കാന്‍ തിരുവനന്തപുരത്തുനിന്ന് ഈരാറ്റുപേട്ട വരെ വരാന്‍ ഉത്സാഹം കാണിച്ച ഉദ്യോഗസ്ഥര്‍ എന്തുകൊണ്ട് ടിനി ടോമിന്‍റെ മൊഴി ഇതുവരെ എടുത്തില്ല? ഒരു നടന്‍റെ പല്ല് പൊടിഞ്ഞു എന്നാണ് പറയുന്നത്. ടിനി ടോം എക്സൈസ് വകുപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍ ആയി വര്‍ക്ക് ചെയ്യുന്നുണ്ടെങ്കില്‍ ഈ വിഷയം ആദ്യം ചോദിക്കേണ്ടത് ആരാ? എക്സൈസ് വകുപ്പ് ചോദിക്കണ്ടേ ബ്രാന്‍ഡ് അംബാസിഡറോട്? ആരാണിതെന്ന് ചോദിക്കണ്ടേ? നടപടി എടുക്കണ്ടേ? അതെന്താണ് ചെയ്യാത്തത്? ഒരു പ്രസ്താവന നടത്തുമ്പോള്‍ അതിന് ഉത്തരവാദിത്തം വേണം", -ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
മകനെ സിനിമയില്‍ വിടില്ലെന്ന് ടിനി ടോം പറയുന്നത് മകനുമായുള്ള ബന്ധത്തിലെ പ്രശ്‌നമാണ് എന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. തനിക്ക് ഒരു മകളാണ് ഉള്ളതെന്നും അവളെ ധൈര്യപൂര്‍വം എല്ലായിടത്തും വിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.