05 June, 2023 08:13:40 AM


കോമഡി താരവും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു: മൂന്നു പേർക്ക് പരിക്ക്

 

തൃശൂർ : മിമിക്രി താരവും നടനുമായ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ കയ്പമംഗലത്ത്  പനമ്പിക്കുന്നില്‍ തിങ്കളാഴ്ച പുലർച്ചെ നാലരയോടെയാണ് അപകടം നടന്നത്.  വടകരയിൽ ഒരു സ്വകാര്യ ചാനലിന്‍റെ പരിപാടിയിൽ പങ്കെടുത്ത്  മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

സുധിയോടൊപ്പം വാഹനത്തിലുണ്ടായിരുന്ന കോമഡി താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർക്ക് പരിക്കുണ്ട്.  വളവ് കടന്നുവന്ന പിക്കപ്പ് വാനാണ് ഇവർ സഞ്ചരിച്ച വാഹനത്തിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകർന്നിട്ടുണ്ട്. ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്.വൈ എസ്, സാന്ത്വനം, ആക്ടസ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്.  

നിരവധി വർഷങ്ങളായി ഹാസ്യ രംഗത്ത് സുധി സജീവ സാന്നിധ്യമായിരുന്നു. 2015ൽ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്സ് ടിവിയിലെ സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി. കരിയറിലെ ഒരു സുവർണകാലഘട്ടത്തിൽ നിൽക്കുമ്പോഴാണ് സുധിയുടെ അപ്രതീക്ഷിത വിയോഗം. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K