31 May, 2023 12:58:22 PM
ജോബി 'വിരമിക്കുന്നു'; സിനിമയിലും സാമൂഹ്യ പ്രവർത്തനത്തിലും സജീവമാകും

തിരുവനന്തപുരം: 24 വർഷത്തെ സർവ്വീസിനുശേഷം നടൻ ജോബി കെ.എസ്.എഫ്.ഇയിൽ നിന്ന് ഇന്ന് വിരമിക്കും. തിരുവനന്തപുരം സ്റ്റാച്യുവിലെ കെഎസ്എഫ്ഇ അർബൻ റീജനൽ ഓഫിസിൽ സീനിയർ മാനേജർ ചുമതലയിൽ നിന്നാണ് വിരമിക്കുന്നത്. സിനിമയിലും സാമൂഹ്യപ്രവർത്തനത്തിലും കൂടുതൽ സജീവമാകാനാണ് ജോബിയുടെ പദ്ധതി.
പഠനകാലത്തും ഓഫീസിലുമെല്ലാം ഒന്നിച്ചുണ്ടായിരുന്ന ഉറ്റ സുഹൃത്ത് ജയപ്രകാശും ജോബിക്കൊപ്പം പടിയിറങ്ങുന്നുണ്ട്. ജീവിതത്തിലൊരിക്കലും തന്‍റെ പൊക്കക്കുറവിനെ ഒരിളവായി ഒരിടത്തും ഉപയോഗിച്ചിട്ടില്ലെന്ന തലയെടുപ്പുമായാണ് ജോബി ഔദ്യോഗിക ജോലിയില്‍ നിന്നും പടിയിറങ്ങുന്നത്.
ഒറ്റക്കാൽ ആന്റിനകളിലൂടെ ടി.വിയിൽ കണ്ടുതുടങ്ങിയ പ്രേക്ഷകർക്കിടയിലേക്ക് ജോബി തിരിച്ചെത്തുകയാണ്. 2018ൽ 'മണ്ണാങ്കട്ടയും കരിയിലയും' എന്ന ചിത്രത്തിലെ കഥാപാത്രത്തിന് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചിട്ടുണ്ട്. ഇപ്പോൾ വേലക്കാരി ജാനുവെന്ന ചിത്രത്തിൽ മുഖ്യവേഷത്തിൽ ചെയ്യുന്നു. ഡിഫറന്റലി എബിൾഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ), ലിറ്റിൽ പീപ്പിൾ ഓഫ് കേരള എന്നിവയുടെ പ്രസിഡന്റാണ്.