25 May, 2023 12:19:39 PM
തുണിക്കടയുടെ പരസ്യമോഡല്‍ ആയിരുന്ന 'ഡയാന'യുടെ ഡേറ്റ് കോടികൾ കൊടുത്താലും കിട്ടാനില്ല
- പി.എം.മുകുന്ദന്‍

തൃശൂര്‍: തൃശൂരിലെ ഒരു തുണിക്കടയുടെ പരസ്യത്തിലെ മോഡലായിരുന്ന യുവതി ഇന്ന് പേര് മാത്രം പറഞ്ഞാൽ ഏവർക്കും അറിയാൻ സാധിക്കുന്ന വ്യക്തിയായി സിനിമാലോകം കീഴടക്കി. എന്നാൽ ഈ പരസ്യമോ പരസ്യ ചിത്രമോ അധികമാർക്കും ഓര്‍മ്മയുണ്ടാകില്ല. ഇന്നത്തെ നയൻതാര 'ഡയാന കുര്യൻ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന കാലത്തു നിന്നുള്ളതാണ് ഈ പരസ്യചിത്രം.
യുവതീ യുവാക്കളായ ചില മോഡൽമാരാണ് ഈ പരസ്യചിത്രത്തിലുള്ളത്. ആഡംബര മൊബൈൽ ഫോണുകൾ വിപണിയിൽ വന്നുതുടങ്ങിയ കാലത്തിന്‍റെ തുടക്കത്തിൽ നിന്നുള്ളതാണ് പരസ്യം. ഇന്ന് അഞ്ച് മുതൽ പത്തുകോടി വരെയാണ് നയൻതാരയുടെ പ്രതിഫലം. കോടികൾ കൊടുക്കാൻ തയാറായാൽ തന്നെ നടിയുടെ ഡേറ്റ് കിട്ടും എന്ന കാര്യത്തിൽ നിശ്ചയമില്ല. അത്രയേറെ തിരക്കായി കഴിഞ്ഞു നയൻതാരയ്ക്ക്.
ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' ആണ് അടുത്തതായി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'മനസ്സിനക്കരെ'യാണ് നയൻസിന്റെ ആദ്യചിത്രം. ആദ്യ ചിത്രത്തിൽ ജയറാമിന്റെ നായികയായാണ് തുടക്കം.
വിഗ്നേഷ് ശിവനുമായുള്ള വിവാഹം കഴിഞ്ഞ്, മക്കളായ ഉയിരും ഉലകവും പിറന്നതില്‍ പിന്നെ നയൻതാര സിനിമാ തിരക്കുകൾ അൽപ്പമൊന്ന് മാറ്റിവച്ചിരിക്കുകയാണ്. മക്കൾ ജനിക്കും മുൻപേ നയൻതാരയും വിഗ്നേഷ് ശിവനും വീട്ടിൽ പരസ്പരം വിളിക്കുന്ന പേരുകളായിരുന്നു ഉയിരും ഉലകവും. ഈ പേരുകളാല്‍ വിളിക്കപ്പെട്ട മക്കളുടെ ഔദ്യോഗിക നാമം വിഗ്നേഷ് ശിവൻ അടുത്തിടെ പുറത്തുവിട്ടിരുന്നു. രുദ്രോ നീൽ എൻ. ശിവൻ, ദൈവിക് എൻ. ശിവൻ എന്നിങ്ങനെയാണ് ആ പേരുകൾ.