19 May, 2023 08:37:01 AM
പുരസ്കാരപെരുമഴയില്‍ "ഞാന്‍" നാടകവും ശശികല മേനോന്‍റെ ഗാനങ്ങളും

കൊച്ചി: മലയാള നാടക വേദിയുടെ ആചാര്യൻമാരിൽ ഒരാളായിരുന്ന എൻ. എൻ. പിള്ളയുടെ ആത്മകഥയായ 'ഞാന്‍' നാടകമായി വേദികള്‍ പിന്നിടുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത് ശശികല മേനോന്‍റെ ഗാനങ്ങള്‍. ഒരു തമിഴ് ഗാനം ഉള്‍പ്പെടെ രണ്ട് ഗാനങ്ങളാണ് നാടകത്തിന് ശശികലാ മേനോന്‍റെ സംഭാവനയായുള്ളത്. ഈ ഗാനങ്ങളാകട്ടെ ഒട്ടേറെ അംഗീകാരങ്ങളും നേടിക്കഴിഞ്ഞു.
കൊച്ചി ചൈത്രതാരയുടെ നാടകത്തില്‍ ഒരു പട്ടാളക്യാമ്പിന്‍റെ പശ്ചാത്തലത്തിലാണ് തമിഴ് ഗാനം അവതരിപ്പിക്കപ്പെടുന്നത്. മൂന്ന് അവാര്‍ഡുകളാണ് ശശികല മേനോന്‍റെ ഈ നാടകഗാനങ്ങളെ തേടിയെത്തിയത്. സംഗീതസംവിധാനം നിര്‍വഹിച്ചത് ഉദയകുമാര്‍ അഞ്ചല്‍. കേരളത്തില്‍ വിവിധയിടങ്ങളില്‍ നടന്ന പ്രൊഫഷണല്‍ നാടകമത്സരങ്ങളില്‍ ഇതുവരെ ഏഴ് അവാര്‍ഡുകളാണ് മികച്ച നാടകം എന്ന നിലയില്‍ 'ഞാന്‍' കരസ്ഥമാക്കിയത്.
മികച്ച നാടകകൃത്തായി സി.ഡി.ദേശികന്‍ നാല് തവണയും മികച്ച സംവിധായകനായി മനോജ് നാരായണന്‍ മൂന്ന് തവണയും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള രണ്ട് പുരസ്കാരങ്ങള്‍ അനു കുഞ്ഞുമോനെ തേടിയെത്തി. മികച്ച സഹനടിക്കുള്ള രണ്ട് പുരസ്കാരങ്ങള്‍ അമ്പിളി കൃഷ്ണയ്ക്കും ലഭിച്ചു. എന്‍ എന്‍ പിള്ളയായി രംഗത്ത് നിറഞ്ഞ് നിന്ന അരവിന്ദാക്ഷക്കുറുപ്പിന് നാല് സ്പെഷ്യല്‍ ജൂറി പുരസ്കാരങ്ങള്‍ ലഭിച്ചു. രംഗപടം നിര്‍വഹിച്ച ആര്‍ട്ടിസ്റ്റ് സുജാതനും പുരസ്കാരത്തിന് അര്‍ഹനായി.
ചലച്ചിത്രഗാനരംഗത്തും തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശശികലാ മേനോന്‍റേതായി ഒട്ടേറെ ആല്‍ബങ്ങളും ഇതിനോടകം പുറത്തിറങ്ങിയിട്ടുണ്ട്. അഗ്നിനക്ഷത്രം എന്ന സിനിമയ്ക്ക് വേണ്ടി ശശികല എഴുതി ജി. ദേവരാജന്‍ സംഗീതം നല്‍കിയ നിത്യസഹായമാതാവെ, നവദമ്പതിമാരെ തുടങ്ങി അഞ്ച് ഗാനങ്ങളും ഇന്നും ഹിറ്റായി നിലനില്‍ക്കുന്നു. വയനാടന്‍ തമ്പാന്‍, വാടകവീട്ടിലെ അതിഥി, കക്കിലിയാര്‍, ജിലേബി, പത്താം ക്ലാസിലെ പ്രണയം എന്നിങ്ങനെ ശശികലയുടെ ഗാനങ്ങള്‍ ഹിറ്റായി മാറിയ ചിത്രങ്ങള്‍ ഒട്ടനവധിയാണ്. 'ദേവഭൂമി' മാഗസിന്‍റെ അസിസ്റ്റന്‍റ് എഡിറ്റര്‍ കൂടിയാണ് ശശികലാ മേനോന്‍.