28 April, 2023 11:46:16 AM
'അമ്മ'യിൽ അംഗത്വം നേടാൻ അപേക്ഷയുമായി ശ്രീനാഥ് ഭാസി
കൊച്ചി: സിനിമകളിൽ നിന്ന് വിലക്ക് നേരിട്ടതിന് പിന്നാലെ യുവനടൻ ശ്രീനാഥ് ഭാസി അംഗത്വത്തിനായി താരസംഘടനയായ അമ്മയ്ക്ക് അപേക്ഷ നൽകി. അമ്മയുടെ ഓഫിസിലെത്തി അംഗത്വം നേടാനുള്ള അപേക്ഷ നടൻ കൈമാറി. അമ്മയുടെ നിയമപ്രകാരം എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിക്കു ശേഷം മാത്രമാകും അപേക്ഷയിൽ നടപടി സ്വീകരിക്കുക.
അമ്മയുടെ അടുത്ത എക്സിക്യൂട്ടീവ് കമ്മിറ്റിയിലാകും ശ്രീനാഥ് ഭാസിയുടെ അപേക്ഷ പരിഗണിക്കുക. അംഗത്വം നൽകുന്നതിന് സ്വഭാവം ഉൾപ്പെടെ പരിഗണിക്കണമെന്നാണ് സംഘടനയുടെ ചട്ടം. ഇതിനിടെ വിലക്കിനെതിരെ ഷെയ്ൻ നിഗവും അമ്മയെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഷെയ്ൻ പറയുന്നത്.
ഏതാനും ദിവസങ്ങൾക്കുമുമ്പാണ് ശ്രീനാഥ് ഭാസി, ഷെയ്ൻ നിഗം എന്നിവരുമായി സഹകരിക്കില്ലെന്ന് ചലച്ചിത്ര നിർമാതാക്കൾ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചത്. ഫെഫ്കയുടേയും അമ്മയുടേയും പ്രതിനിധികൾ ഉൾപ്പെടെ ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു.
ആർട്ടിസ്റ്റുകൾക്കും സാങ്കേതിക പ്രവർത്തകർക്കും നിർമാതാക്കൾക്കും നിരവധി ബുദ്ധിമുട്ടുകൾ ഈ താരങ്ങൾ ഉണ്ടാക്കിയതിന്‍റെ ഭാഗമായിട്ടാണ് നടപടി എന്നാണ് നിർമാതാക്കളുടെ സംഘടന പറഞ്ഞത്. പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. രാസലഹരി ഉപയോഗിക്കുന്നവരുമായി സഹകരിക്കില്ലെന്നും ചില താരങ്ങൾ സ്വബോധമില്ലാതെ പെരുമാറുന്നുവെന്നും നിർമാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.