19 March, 2023 10:39:16 AM


സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു



മൈസൂരു: സര്‍ക്കാര്‍ ആശുപത്രിയിൽ സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച് കയറിയ യുവാവ് രോഗിയെ ബലാത്സംഗം ചെയ്തു. ഏഴ് മാസമായി മാനസികാരോഗ്യ പ്രശ്നങ്ങൾ മൂലം ചികത്സയിലുള്ള യുവതിയെ ആണ് പീഡനത്തിന് ഇരയായത്. കൽബുര്‍ഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (ജിംസ്) ആണ് സംഭവം. പ്രതി  മെഹബൂബ് പാഷ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ആറ് മാസമായി മാനസിക പ്രശ്നങ്ങൾ മൂലം യുവതി ഇവിടെ ചികിത്സയിലായിരുന്നുവെന്ന് ജിംസ് ആശുപത്രിയിലെ സര്‍ജൻ അംബരയ്യ രുദ്രാവാഡി പറഞ്ഞു.  സെക്യൂരിറ്റി ജീവനക്കാര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കിയാണ് പ്രതി അകത്ത് കടന്നത്. യുവതിക്ക് നിയന്ത്രിതമായി മലമൂത്രവിസര്‍ജ്ജനം നടത്താൻ സാധിക്കാത്ത ആരോഗ്യ അവസ്ഥയുള്ളതിനാൽ, ഇവരുടെ അടുത്ത് നിൽക്കാൻ മറ്റ് രോഗികളും കൂട്ടിരിപ്പുകാരും മടിച്ചിരുന്നു.  അതുകൊണ്ടുതന്നെ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു യുവതി കിടന്നിരുന്നതെന്നും ഡോക്ടര്‍ പറ‍ഞ്ഞു.  

750 കിടക്കകളുള്ള ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരുടെ എണ്ണം വളരെ കുറവാണ്. സംഭവത്തെ കുറിച്ചു ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരടക്കമുള്ളവരെ കുറിച്ചുമുള്ള റിപ്പോര്‍ട്ട് ഉന്നതാധികാരികൾക്ക് സമര്‍പ്പിക്കുമെന്നും അംബരയ്യ രുദ്രാവാഡി കൂട്ടിച്ചേര്‍ത്തു. സംഭവം നടന്ന് മണിക്കൂറുകൾക്കകം തന്നെ പ്രതി പിടിയിലായിരുന്നു. രോഗിയുടെ ബന്ധുവും കൂട്ടിരിപ്പുകാരും ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു. ജിംസ് സ്റ്റാഫ് നഴ്സിന്‍റെ പരാതിയിൽ പ്രതിക്കെതിരെ സെക്ഷൻ 376 പ്രകാരം കേസെടുത്തിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K