14 March, 2023 10:12:54 AM
ആര്‍ആര്‍ആര്‍ന് പ്രചോദനം ചെ ഗുവേരയുടെ ജീവിതം '; ഓസ്കാറിന് മുന്നേ രാജമൗലി പറഞ്ഞത്
ലോസ് ഏഞ്ചല്‍സ്സ്: എസ്എസ് രാജമൗലി സംവിധാനം ആർആർആർ എന്ന ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് മികച്ച ഗാനത്തിനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചിരിക്കുകയാണ്. ഒറിജിനൽ സോംഗ് വിഭാഗത്തിലാണ് അവാർഡ്. നേരത്തെ ഇതേ വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നാട്ടു നാട്ടു നേടിയിരുന്നു. ഈ അവസരത്തിൽ ആർആർആർ എന്ന ചലച്ചിത്രത്തെക്കുറിച്ചും അതിനു പ്രചോദനമായ സിനിമയെക്കുറിച്ചും കൂടുതൽ മനസിലാക്കാം.
ആർആർ എന്ന സിനിമയുടെ പ്രമേയം
ബ്രിട്ടീഷ് രാജിനെതിരെ പോരാടിയ സീതാരാമ രാജുവിന്‍റെയും ഹൈദരാബാദ് നിസാമിനെതിരെ പോരാടിയ ഭീമിന്‍റെയും ജീവിതത്തെക്കുറിച്ച് വായിച്ചപ്പോഴാണ് 'ആർആർആർ' എന്ന സിനിമയുടെ ആശയം തന്‍റെ മനസിൽ ഉദിച്ചതെന്ന് രാജമൗലി മുൻപ് പറഞ്ഞിരുന്നു. "അല്ലൂരി സീതാരാമ രാജുവിനെയും കോമരം ഭീമിനെയും കുറിച്ച് വായിച്ചപ്പോളാണ് അവരുടെ കഥയിൽ ചില സമാനതകളുണ്ടെന്ന് മനസിലായത്. അവർ ഒരിക്കലും പരസ്പരം കണ്ടിട്ടില്ല. എന്നാൽ അവർ കണ്ടുമുട്ടിയിരുന്നെങ്കിലോ എന്നും അവർ പരസ്പരം പ്രചോദനം ഉൾക്കൊണ്ടിരുന്നെങ്കിലോ എന്നും ഞാൻ ആലോചിച്ചു. അതാണ് 'ആർആർആർ'. ഇത് തികച്ചും സാങ്കൽപികമാണ്. അതിനായി ഒരുപാട് ഗവേഷണം നടത്തേണ്ടി വന്നു. വേഷവിധാനങ്ങൾ, അവരുടെ ഭാഷ, ജീവിതരീതി എന്നിവയൊക്കെ അറിയാൻ നിരവധി പഠനങ്ങൾ നടത്തി", എന്ന് 2019 ലെ ഒരു പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.
രണ്ട് തെലുങ്ക് വിപ്ലവകാരികളും ഗോത്രവർഗക്കാരുടെ നേതാക്കളായിരുന്നു. ഭീം ഗോണ്ട് സമുദായത്തിൽ പെട്ടയാളായിരുന്നു. ഇരുവരും ചെറുപ്പത്തിലേ മരിച്ചു. പക്ഷേ കൊളോണിയലിസത്തിനെതിരെ പോരാടിയതിനു ശേഷമായിരുന്നു ഇവരുടെ മരണം. ഇതിഹാസങ്ങളാകുന്നതിന് മുമ്പേ ഇതിഹാസം സൃഷ്ടിച്ചവരുടെ കഥയാണ് 'ആർആർആർ' എന്നും രാജമൗലി പറഞ്ഞിരുന്നു.
അർജന്‍റീനിയൻ സ്വദേശിയായ മാർക്‌സിസ്റ്റ് വിപ്ലവ നേതാവ് ചെഗുവേര പ്രശസ്തനാകുന്നതിന് മുമ്പുള്ള കാലഘട്ടം പശ്ചാത്തലമാക്കിയൊരുക്കിയ അദ്ദേഹത്തിന്‍റെ ജീവചരിത്ര കഥയെന്നു പറയാവുന്ന 'ദി മോട്ടോർസൈക്കിൾ ഡയറീസ്' (2004) ൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ആർആർആറിന്‍റെ തിരക്കഥ ഒരുക്കിയത് എന്നും രാജമൗലി പറഞ്ഞിരുന്നു. "ആശയം എന്റേതായിരുന്നു. മോട്ടോർ സൈക്കിൾ ഡയറീസിലെ കഥാപാത്രം ചെഗുവേരയാണെന്ന് ഒടുവിലാണ് വെളിപ്പെടുന്നത്. ആർആർആറിലും അവസാനം മാത്രം ഇരുവരും ഭാവിയിൽ ആരായിത്തീർന്നു എന്ന് വെളിപ്പെടുത്തിയാലോ എന്ന ആശയം എനിക്കു തോന്നിയത് അങ്ങനെയാണ്", എന്നും രൗജമൗലി പറഞ്ഞിരുന്നു.
നാട്ടു നാട്ടു
ആഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയ ഗാനമാണ് ആർആർആറിലെ നാട്ടു നാട്ടു. ലോകമെമ്പാടുമുള്ള ആളുകൾ ഈ പാട്ടിന്റെ ചുവടുകൾ അനുതരിച്ച് നൃത്തം ചെയ്യുന്നതിന്‍റെ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. "എല്ലാം മറക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നതാണ് നാട്ടു നാട്ടു എന്ന ഗാനം. സിനിമ കാണുന്ന പ്രേക്ഷകൻ മാത്രമല്ല, കഥയിലെ കഥാപാത്രങ്ങളും തങ്ങൾക്ക് ചുറ്റും നടക്കുന്ന മറ്റെല്ലാ കാര്യങ്ങളും മറന്ന് നൃത്തം ചെയ്യുകയാണ്. പാട്ടിന്റെ അവസാന ഭാഗത്തെ സ്റ്റെപ്പുകൾ ചെയ്യാൻ വളരെയധികം സ്റ്റാമിന വേണം. നിങ്ങൾക്ക് ഇതിനെ ഒരു പാട്ട് എന്ന് വിളിക്കാൻ കഴിയില്ല. ഇതൊരു ആക്ഷൻ സീക്വൻസാണ്", എന്നാണ് കീരവാണി ഗാനത്തെക്കുറിച്ച് പറഞ്ഞത്.