13 March, 2023 02:35:45 PM


സ്വവർഗ വിവാഹം: നിയമപരമാക്കുന്നതിനെ എതിർത്ത് കേന്ദ്രം



ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹം നിയമപരമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രസര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്. ഇക്കാര്യം വ്യക്തമാക്കി സുപ്രീംകോടതിയില്‍ സത്യവാങ്മൂലവും നല്‍കിയിരുന്നു.


ഭാര്യ-ഭര്‍തൃ സങ്കല്‍പവുമായി ചേര്‍ന്നു പോകുന്നതല്ല സ്വവര്‍ഗവിവാഹമെന്നും ഇന്ത്യൻ പാരമ്പര്യത്തിനും സംസ്‌കാരത്തിനും എതിരാണെന്നുമാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നത്. എന്നാല്‍ ഇന്ന് ലോകത്തില്‍ 32 രാജ്യങ്ങളിലാണ് സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കിയിരിക്കുന്നത്. യുഎസ്, യുണൈറ്റഡ് കിംഗ്ഡം, അര്‍ജന്‍റീന, ഓസ്ട്രേലിയ, ഓസ്ട്രിയ, ബെല്‍ജിയം, ബ്രസീല്‍, കാനഡ, ചിലി, കൊളംബിയ, കോസ്റ്റാറിക്ക, ഡെന്‍മാര്‍ക്ക്, ഇക്വഡോര്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്, ജര്‍മ്മനി, ഐസ്ലാന്‍ഡ്, അയര്‍ലന്‍ഡ്, ലക്‌സംബര്‍ഗ്, മാള്‍ട്ട, മെക്‌സിക്കോ, നെതര്‍ലാന്‍ഡ്‌സ്, ന്യൂ സീലാന്‍ഡ്, നോര്‍വേ, പോര്‍ച്ചുഗല്‍, സ്ലോവേനിയ, ദക്ഷിണാഫ്രിക്ക, സ്‌പെയിന്‍, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, തായ്വാന്‍, ഉറുഗ്വേ എന്നീ രാജ്യങ്ങളില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമാണ്.


യു.എസ്
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യങ്ങളില്‍ ഒന്നാണ് അമേരിക്ക. 2015ലാണ് യുഎസ് സുപ്രീം കോടതി സ്വവര്‍ഗ വിവാഹത്തിന് അംഗീകാരം നല്‍കിയത്. വിവാഹം പുരുഷന്‍-സ്ത്രീ എന്നിവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് അനുഛേദം 14ന്റെ ലംഘനമാണെന്ന് കോടതി അന്ന് കണ്ടെത്തിയിരുന്നു. സുപ്രീം കോടതിയ്ക്ക് വിധിയ്ക്ക് മുമ്പ് തന്നെ അമേരിക്കയിലെ 36 സംസ്ഥാനങ്ങളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമായിരുന്നു.സ്വവര്‍ഗ്ഗ വിവാഹം നിയമപരമാക്കിയ യുഎസിലെ ആദ്യ സംസ്ഥാനം മസാച്ചുസെറ്റ്‌സ് ആയിരുന്നു. 2003ലായിരുന്നു ഇത്.


ന്യൂസിലാന്‍റ്
1986ല്‍ സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമല്ലാതാക്കി മാറ്റിയ രാജ്യമാണ് ന്യൂസിലാന്‍റ്. 2005 മുതല്‍ ഈ രാജ്യം സ്വവര്‍ഗ്ഗ ദമ്പതികളുടെ സിവില്‍ യൂണിയനുകളെ അംഗീകരിക്കുന്നുമുണ്ട്. 2013ല്‍ ഏഷ്യ-പസഫിക് മേഖലയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ് മാറി.


തായ്‌വാന്‍

2019ലാണ് തായ്വാനില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയത്. സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയ പ്രദേശങ്ങളില്‍ നിന്നുള്ളവരായിരിക്കണം ദമ്പതികളെന്നാണ് ഇവിടുത്തെ നിയമത്തില്‍ പറയുന്നത്.


ജര്‍മ്മനി
ജര്‍മ്മനിയില്‍ സ്വവര്‍ഗ്ഗ വിവാഹം അംഗീകരിക്കുന്ന നിയമനിര്‍മ്മാണം പാസാക്കിയത് 2017ലാണ്.


ഓസ്ട്രിയ
2019 ജനുവരി 1നാണ് ഓസ്ട്രിയയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയത്.

മാള്‍ട്ട
യൂറോപ്പില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന ആദ്യ രാജ്യമാണ് മാള്‍ട്ട. 2017ലായിരുന്നു ഇത്. സ്വവര്‍ഗ ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കുന്ന കാര്യത്തിലും പുതിയ നിയമം കൊണ്ടുവന്ന രാജ്യമാണിത്. ഇതിനായി രാജ്യത്തിന്‍റെ വിവാഹ നിയമത്തില്‍ ഭേദഗതി വരുത്തുകയും ചെയ്തു.


അയര്‍ലന്‍റ്
ജനകീയ വോട്ടിലൂടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ രാജ്യമാണ് അയര്‍ലന്‍റ്.


കൊളംബിയ

2016ലാണ് കൊളംബിയയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.


ഗ്രീന്‍ലാന്‍റ്

ഗ്രീന്‍ലാന്‍റ്ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നത് 2015ലാണ്. ഈ ദമ്പതികള്‍ക്കായുള്ള ദത്തെടുക്കല്‍ നയവും ഈ രാജ്യം കൊണ്ടുവന്നിരുന്നു.


ലക്‌സംബര്‍ഗ്
2014ലാണ് ലക്‌സംബര്‍ഗില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നത്. ഒപ്പം ദമ്പതികള്‍ക്കായി ദത്തെടുക്കല്‍ നയവും കൊണ്ടുവന്നിരുന്നു.


സ്‌കോട്ട്‌ലന്‍റ്
കത്തോലിക്കാ സഭയുടെ പ്രതിഷേധങ്ങള്‍ വകവെയ്ക്കാതെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമത്തിന് സ്‌കോട്ട്‌ലാന്റ് 2014 ഫെബ്രുവരിയില്‍ അംഗീകാരം നല്‍കിയിരുന്നു. എന്നിരുന്നാലും സ്വവര്‍ഗ വിവാഹം നടത്താന്‍ പള്ളികളെ നിര്‍ബന്ധിച്ചിരുന്നില്ല. പിന്നീട് സ്‌കോട്ടിഷ് എപ്പികോപല്‍ ചര്‍ച്ചും, സ്‌കോട്ട്‌ലാന്റ് ചര്‍ച്ചും സ്വവര്‍ഗ വിവാഹങ്ങള്‍ നടത്താന്‍ മുന്നോട്ട് വന്നിരുന്നു.


ഉറുഗ്വേ
സ്വവര്‍ഗാനുരാഗികളുടെയും ലെസ്ബിയന്‍ ദമ്പതികളുടെയും സിവില്‍ യൂണിയനുകള്‍ 2008 മുതല്‍ ഉറുഗ്വേയില്‍ നിയമപരമാണ്. ഈ ദമ്പതികള്‍ക്ക് 2009-ല്‍ ദത്തെടുക്കാനുള്ള അവകാശവും ലഭിച്ചു. പിന്നീട് 2013-ലാണ് ഉറുഗ്വേയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.


ഇംഗ്ലണ്ട് ആന്റ് വെയില്‍സ്

2013ലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്നതിന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയത്. 2014 മെയ് 29ന് നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.


ഫ്രാന്‍സ്
2013ലാണ് ഫ്രാന്‍സില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.


ബ്രസീല്‍
സ്വവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുടെ സിവില്‍ യൂണിയനുകള്‍ക്ക് 2011 മുതല്‍ ബ്രസിലീല്‍ അംഗീകാരം ലഭിച്ചിരുന്നു. 2013ലാണ് സ്വവര്‍ഗ്ഗ വിവാഹം ബ്രസീലില്‍ നിയമവിധേയമാക്കിയത്.


ഡെന്‍മാര്‍ക്ക്
1989ല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് പങ്കാളികളായി രജിസ്റ്റര്‍ ചെയ്യാനുള്ള അവകാശം അനുവദിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഡെന്‍മാര്‍ക്ക്. രജിസ്റ്റര്‍ ചെയ്ത സ്വവര്‍ഗ ദമ്പതികള്‍ക്ക് കുട്ടികളെ ദത്തെടുക്കാന്‍ 2010-ല്‍ രാജ്യം അനുമതി നല്‍കി. പിന്നീട് 2012-ല്‍ സ്വവര്‍ഗ വിവാഹം ഇവിടെ നിയമവിധേയമാക്കി.


അര്‍ജന്‍റീന
സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുകയും ദമ്പതികള്‍ക്ക് കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നിയമം പാസാക്കുകയും ചെയ്ത് ആദ്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യമാണ് അര്‍ജന്‍റീന. 2010ലായിരുന്നു ഇവിടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.


ഐസ്‌ലാന്‍ഡ്
2010ലാണ് ഐസ്ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.


പോര്‍ച്ചുഗല്‍
2010ലാണ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമത്തിന് പോര്‍ച്ചുഗീസ് പാര്‍ലമെന്‍റ്  അംഗീകാരം നല്‍കിയത്. 2010 ജൂണില്‍ നിയമം പ്രാബല്യത്തിലാകുകയും ചെയ്തു.


സ്വീഡന്‍
സ്വവര്‍ഗ വിവാഹം ചെയ്ത ദമ്പതികള്‍ക്ക് ദത്തെടുക്കല്‍ അനുവദിച്ച രാജ്യമാണ് സ്വീഡന്‍. 2003ലായിരുന്നു ഇത്. 2009ല്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നല്‍കുകയും ചെയ്തു.


നോര്‍വേ
2009ല്‍, സ്വവര്‍ഗ ദമ്പതികള്‍ക്ക് വിവാഹം കഴിക്കാനും കുട്ടികളെ ദത്തെടുക്കാനും സര്‍ക്കാര്‍ ധനസഹായത്തോടെ കൃത്രിമ ബീജസങ്കലനത്തിനും അനുമതി നല്‍കുന്ന നിയമം പ്രാബല്യത്തില്‍ വന്നു. 2017ല്‍ ലൂഥറന്‍ ചര്‍ച്ച് ഓഫ് നോര്‍വേ സ്വവര്‍ഗ വിവാഹങ്ങള്‍ നടത്താന്‍ പാസ്റ്റര്‍മാരെ അനുവദിച്ചു.


കാനഡ
2005ലാണ് ഇവിടെ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയത്.


ഓസ്‌ട്രേലിയ
2017ല്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ടുള്ള ബില്‍ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് പാസാക്കിയിരുന്നു.


സൗത്ത് ആഫ്രിക്ക
2006ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന ബില്ലിന് ദക്ഷിണാഫ്രിക്കന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു.


സ്‌പെയിന്‍
സ്പാനിഷ് പാര്‍ലമെന്റ് 2005ല്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുകയും സ്വവര്‍ഗ ദമ്പതികള്‍ക്ക് പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍, വിവാഹമോചനം എന്നീ അവകാശങ്ങള്‍ നല്‍കുകയും ചെയ്തു.


ബെല്‍ജിയം
ബെല്‍ജിയത്തില്‍ 1998 മുതല്‍ സ്വവര്‍ഗ ദമ്പതികള്‍ക്ക് തങ്ങളുടെ പങ്കാളിത്തം രജിസ്റ്റര്‍ ചെയ്യാമെന്ന നിയമം നിലവിലുണ്ടായിരുന്നു. എന്നാല്‍ 2003-ലാണ് പാര്‍ലമെന്റ് സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയത്.


നെതര്‍ലാന്‍റ്സ്
1998ലാണ് സ്വവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കൂടി വിവാഹത്തിന്റെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കി നെതര്‍ലാന്‍റ് രംഗത്തെത്തിയത്. 2000ല്‍ ഈ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമം പ്രാബല്യത്തില്‍ വരികയും ചെയ്തു.


ഇക്വഡോര്‍
2019ലാണ് ഇക്വഡോറില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കിയത്.


കോസ്റ്റാറിക്ക
2020 ലാണ് ഇവിടെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കുന്ന നിയമത്തിന് അംഗീകാരം ലഭിച്ചത്.


ചിലി
2021ല്‍ ചിലിയില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയിരുന്നു. 2015 മുതല്‍ രാജ്യത്ത് സ്വവര്‍ഗ സിവില്‍ യൂണിയനുകള്‍ നിയമപരമാണ്.


സ്ലോവേനിയ
2022 ജൂലൈ 8നാണ് സ്ലോവേനിയയിലെ ഭരണഘടനാ കോടതി സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം ഭേദിച്ച് ഉത്തരവിറക്കിയത്.


സ്വിറ്റ്‌സര്‍ലന്‍റ്

2020 ഡിസംബര്‍ 16നാണ് സ്വിറ്റ്‌സര്‍ലന്‍റ് പാര്‍ലമെന്‍റ് സ്വവര്‍ഗ്ഗ ദമ്പതികള്‍ക്ക് വിവാഹ അവകാശം നല്‍കുന്ന നിയമം പാസാക്കിയത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K