26 November, 2025 09:10:13 AM
വിവാഹത്തിന് അവധി നൽകിയില്ല; ഉത്തർപ്രദേശിൽ ബിഎല്‍ഒ ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ എസ്‌ഐആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്ന് വീണ്ടും ആത്മഹത്യ. ബിഎല്‍ഒ ആയ ഫത്തേപൂർ സ്വദേശി സുധീർ കുമാറാണ് ജീവനൊടുക്കിയത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സുധീർകുമാറിന്റെ വിവാഹം നടക്കാൻ ഇരിക്കെ അവധി നൽകാത്തതിൽ വിഷമിച്ചാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു.
ജഹാംഗാബാദിൽ എസ്‌ഐആർ ആയി ജോലി ചെയ്യുകയായിരുന്നു സുധീർ കുമാർ. ഒന്നര വർഷം മുമ്പാണ് സുധീറിനെ ലേക്പാലായി നിയമിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. എസ്‌ഐആർ ജോലിയുമായി ബന്ധപ്പെട്ട് സമ്മർദ്ദമുണ്ടെന്ന് ബന്ധുക്കൾ ആരോപിച്ചു.
ബിന്ദ്കി കോട്‌വാലിയിലെ ഖജുഹ പട്ടണത്തിലാണ് സുധീർ കുമാർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ആറ് മാസം മുമ്പ് അടുത്തുള്ള ഗ്രാമമായ സീതാപൂരിൽ താമസിക്കുന്ന രഘുനന്ദന്റെ മകൾ കാജലുമായി സുധീറിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഇന്ന് വിവാഹം നാടക്കാൻ ഇരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായിരിക്കുന്നത്.





