01 August, 2016 11:12:22 PM
സംവിധായകന്‍ രാജന്‍ ശങ്കരാടി കുഴഞ്ഞുവീണ് മരിച്ചു
ആലുവ: ചലച്ചിത്ര സംവിധായകനും നടനുമായ ആലുവ എടത്തല അനിഴം വീട്ടില്‍ രാജന്‍ ശങ്കരാടി (63) കുഴഞ്ഞുവീണ് മരിച്ചു. അന്തരിച്ച ചലച്ചിത്ര നടന്‍ ശങ്കരാടിയുടെ ബന്ധുവായിരുന്നു. പി. രാജഗോപാലന്‍ എന്നാണ് യഥാര്‍ഥ പേര്. ചെറായി സ്വദേശിയാണെങ്കിലും വര്‍ഷങ്ങളായി എടത്തലയിലാണ് കുടുംബസമേതം താമസിച്ചിരുന്നത്.
തിങ്കളാഴ്ച വൈകുന്നേരം ഏഴുമണിയോടെ ആലുവ ടാസ് റോഡിലാണ് കുഴഞ്ഞുവീണത്. ബന്ധുവീട്ടില്‍ എത്തിയതായിരുന്നു. ഉടന്‍ ആലുവ കാരോത്തുകുഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. 1985ല്‍ റിലീസ് ചെയ്ത ഗുരുജി ഒരു വാക്ക് എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര സംവിധായകനായത്. 1998ല്‍ മീനത്തില്‍ താലിക്കെട്ട്, 2013ല്‍ ക്ളിയോപാട്ര എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
ചലച്ചിത്രതാരം ദിലീപിനെ ജനപ്രിയ നായകപദവിയിലേക്ക് ഉയര്‍ത്തിയ ചിത്രമാണ് മീനത്തില്‍ താലിക്കെട്ട്. ഈ തണുത്ത വെളുപ്പാന്‍ കാലത്ത്, മുഖം, ആഗസ്റ്റ് ഒന്ന് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ബാലചന്ദ്രമേനോന്‍െറ ഉത്രാടരാത്രിയില്‍ അസി. ഡയറക്ടറായാണ് സിനിമയിലത്തെുന്നത്. തുടര്‍ന്ന് സംവിധായകന്‍ ജോഷിയുടെ അസോസിയേറ്റ് ഡയറക്ടറായി. നസ്രാണി, ജൂലൈ നാല്, പോത്തന്‍ വാവ, റണ്‍വേ, മറുപുറം എന്നീ ചിത്രങ്ങളില്‍ ചീഫ് അസോസിയേറ്റ് ഡയറക്ടറായി.
മാമ്പഴക്കാലം, പത്രം, ഒരു അഭിഭാഷകന്‍െറ കേസ് ഡയറി, ലേലം, ധ്രുവം, കൗരവര്‍, എന്‍െറ സൂര്യപുത്രിക്ക് എന്നീ ചിത്രങ്ങളില്‍ അസോസിയേറ്റ് സംവിധായകനായും പ്രവര്‍ത്തിച്ചു. വിജി തമ്പി, സിബി മലയില്‍, ഫാസില്‍, കെ. മധു എന്നിവരുടെ അസോസിയേറ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഉഷാറാണി. മക്കള്‍: സൂരജ് (മുംബൈ), പാര്‍വതി (എന്‍ജിനീയറിങ് വിദ്യാര്‍ഥിനി). സംസ്കാരം ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരക്ക് സ്വവസതിയില്‍.