06 February, 2023 12:20:26 PM
ഓർമ്മ നഷ്‌ടപ്പെടുന്നു; നൃത്തത്തോട് താത്പര്യം കുറഞ്ഞു - നടി ഭാനുപ്രിയ
ഹൈദരാബാദ്: മലയാളത്തിൽ രാജശില്പി, അഴകിയ രാവണൻ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, കുലം തുടങ്ങിയ സിനിമകളിലൂടെ കഴിവ് തെളിയിച്ച ആന്ധ്രക്കാരി സുന്ദരി. മലയാളി അല്ലെങ്കിലും ശാലീനത തുളുമ്പുന്ന മലയാളി മങ്കയായി സ്‌ക്രീനിൽ നിറയാൻ ഭാനുപ്രിയയ്‌ക്ക് ഒരു പ്രത്യേക ചാരുത ഉണ്ടായിരുന്നു.
താൻ ഓർമക്കുറവ് നേരിടുന്നതായി ഭാനുപ്രിയ വെളിപ്പെടുത്തിയ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തനിക്ക് ഈയിടെയായി സുഖമില്ലെന്നും കഴിഞ്ഞ രണ്ട് വർഷമായി ഓർമ്മശക്തി കുറയുന്നതായും ഒരു തെലുങ്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഭാനുപ്രിയ വെളിപ്പെടുത്തുകയായിരുന്നു. പഠിച്ച ചില കാര്യങ്ങൾ മറക്കുന്നു. നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും നൃത്തം പരിശീലിക്കാറില്ല. അവര്‍ പറഞ്ഞു.
അടുത്തിടെ ഒരു സിനിമാ ലൊക്കേഷനിൽ വെച്ച് ഡയലോഗുകൾ മറന്നു. ഓർത്തിരിക്കേണ്ട പലതും താൻ മറക്കുകയാണെന്ന് ഭാനുപ്രിയ വെളിപ്പെടുത്തി. അടുത്തിടെ 'സില നേരങ്ങളിൽ സില മനിദർഗൾ' എന്ന സിനിമയുടെ സെറ്റിൽ വച്ച് ഡയലോഗുകൾ മറന്നുപോയി. പിരിമുറുക്കമോ വിഷാദമോ തന്നെ അലട്ടുന്നില്ലെന്നും മറവിക്ക് കാരണം മോശം ആരോഗ്യാവസ്ഥ മാത്രമാണെന്നും ചില മരുന്നുകൾ കഴിക്കുന്നന്നുണ്ടെന്നും ഭാനുപ്രിയ പറയുന്നു.
ഭാനുപ്രിയ വിവാഹശേഷവും സിനിമയിൽ സജീവമായിരുന്നെങ്കിലും, മലയാളത്തിലേക്കുള്ള വരവ് കുറഞ്ഞു. അതിനിടെ വിവാഹമോചിതയായി എന്ന് വാർത്ത വന്നുവെങ്കിലും അത് നിഷേധിച്ച് താരം തന്നെ രംഗത്തെത്തിരുന്നു. ഭർത്താവ് 2018ൽ ഹൃദയാഘാതം മൂലം മരണമടഞ്ഞു. അദ്ദേഹം ഹൈദരാബാദിലും താൻ ചെന്നൈയിലും ആയിരുന്നു താമസം. അവസരം കിട്ടുമ്പോൾ അഭിനയിച്ചു. ഒരുപാട് യാത്ര ചെയ്തു. വിവാഹമോചനം നേടി എന്നതും ഭർത്താവുമായി പിരിഞ്ഞിരുന്നു എന്ന വാർത്തയും തെറ്റാണെന്ന് ഭാനുപ്രിയ പറഞ്ഞു. ലണ്ടനിലെ ലോഫ്ബറോ യൂണിവേഴ്സിറ്റി വിദ്യാർത്ഥിനി ഇരുപതുകാരിയായ അഭിനയ ഏകമകളാണ്.