16 January, 2023 07:39:08 PM


കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ മോഷണം: പ്രതി ഈരാറ്റുപേട്ടയില്‍ പിടിയില്‍



കോട്ടയം: ക്ഷേത്രങ്ങളുടെയും ,പള്ളികളുടെയും കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തുന്നയാൾ പോലീസിന്റെ പിടിയിലായി. വാഴൂർ  കാഞ്ഞിരപ്പാറ എരുമത്തല ഭാഗത്ത് പെരുകാവുങ്കൽ വീട്ടിൽ കുട്ടപ്പൻ മകൻ കണ്ണൻ എന്ന് വിളിക്കുന്ന മുകേഷ് കുമാർ (34) എന്നയാളെയാണ്  കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞദിവസം വെളുപ്പിനെ കങ്ങഴ മഹാദേവ ക്ഷേത്രത്തിലെ  വഴിപാട് കൗണ്ടറിന്റെ ഓഫീസിൽ കയറി മേശക്കുള്ളിൽ സൂക്ഷിച്ചിരുന്ന പണവും, മൊബൈൽ ഫോണും മോഷ്ടിച്ചു കൊണ്ടു പോവുകയായിരുന്നു. 3000 രൂപയും,10,000 രൂപയോളം വില വരുന്ന മൊബൈൽ ഫോണുമാണ് ഇയാൾ മോഷ്ടിച്ചുകൊണ്ട് പോയത്. പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ ഈരാറ്റുപേട്ട കീഴമ്പാറ  ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു.

പ്രതിക്ക് മണിമല, കറുകച്ചാൽ, കോട്ടയം, പാമ്പാടി എന്നീ സ്റ്റേഷനുകളിൽ സമാനമായ രീതിയിൽ കേസുകൾ നിലവിലുണ്ട് . കറുകച്ചാൽ സ്റ്റേഷൻ എസ.എച്ച്.ഓ ഋഷികേശന്‍ നായര്‍,  എസ്.ഐ അനിൽകുമാർ, എ.എസ്.ഐ മാരായ റെജി ജോൺ, വിഷ്ണു കെ ബാലൻ സി.പി.ഓ മാരായ അൻവർ കരീം, രഞ്ജിത്ത് കുമാർ എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു . പ്രതിയെ കോടതിയിൽ ഹാജരാക്കി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K