27 July, 2016 11:09:16 AM
ഒറിജിനലിനെ തോല്‍പ്പിച്ച് 'കബാലി' യുടെ വ്യാജന്‍ ; സിനിമാലോകം ഞെട്ടി
കോട്ടയം : സിനിമാ ലോകത്തെ ഞെട്ടിച്ച് കബാലിയുടെ വ്യാജന്‍ രംഗത്ത്. മുണ്ടക്കയത്ത് ഒരു സിഡി വില്‍പനശാലയില്‍ നിന്നും ഒറിജിനലിനെ വെല്ലുന്ന കബാലിയുടെ എട്ട് വ്യാജ സിഡികളാണ് ഇന്ന് രാവിലെ പോലീസ് പിടിച്ചെടുത്തത്. മുണ്ടക്കയം ബസ് സ്റ്റാന്‍റിന് സമീപം കളേഴ്സ് സിഡി ഷോപ്പ് ഉടമ ഷോമോനെ പോലീസ് അറസ്റ്റു ചെയ്തു.
മാസ്റ്റര്‍ കോപ്പിയെ വെല്ലുന്ന രീതിയില്‍ കവര്‍ചിത്രം ഉള്‍പ്പെടെയാണ് സ്‌റ്റൈല്‍ മന്നന്‍ രജനീകാന്തിന്‍റെ കബാലി എന്ന ചിത്രത്തിന്‍റെ സിഡികള്‍ വിറ്റഴിച്ചത്. ജില്ലാ പോലീസ് മേധാവിയ്ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രാവിലെ 10.30 മണിയോടെ ഷാഡോ പോലീസ് നടത്തിയ പരിശോധനയിലാണ് സിഡികള്‍ പിടിച്ചെടുത്തത്. തിരുവനന്തപുരം സ്വദേശി മുഖേനയാണത്രേ കബാലിയുടെ വ്യാജ സിഡികള്‍ കടയിലെത്തിയത്.
വ്യാജ സിഡികള്‍ ലഭ്യമാകാതിരിക്കാന്‍ അതീവസുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രീകരണം പോലും മറ്റുള്ളവര്‍ക്ക് പകര്‍ത്താന്‍ അനുമതി നല്‍കിയിരുന്നില്ലത്രേ. തീയേറ്ററുകളിലും സുരക്ഷാസംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പ്രേമം സിനിമയുടെ വ്യാജ സിഡി ഇറങ്ങിയതിനെ തുടര്‍ന്ന് പുതിയ ചിത്രങ്ങളുടെ കാര്യത്തില്‍ സിനിമാ ലോകം അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു.
ഇതിനിടെ കബാലി സിനിമയുടെ ആദ്യഭാഗങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു . രണ്ട് മിനിട്ട് വരുന്ന ക്ലിപ്പ് ആണു പുറത്തുവന്നത്. സിനിമയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിങ്ങും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും നിർമാതാക്കളുടെ ആവശ്യപ്രകാരം മദ്രാസ് ഹൈകോടതി തടഞ്ഞിരുന്നു. എന്നാൽ വാട്ട്സ്ആപ്പ് അടക്കമുള്ള മാധ്യമങ്ങളിൽ ഇവ പ്രചരിക്കുന്നത് തടയുക അസാധ്യമാണെന്നിരിക്കെയാണ് ചിത്രത്തിന്‍റെ വ്യാജ സിഡി പിടിക്കപ്പെട്ടത്.