17 December, 2022 05:10:46 AM
ദീപികയുടെ ബിക്ക്നി: പത്താന്‍ പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ കത്തിക്കാന്‍ ആഹ്വാനം
മുംബൈ: ദീപിക പദുകോണും ഷാരൂഖ് ഖാനും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം 'പത്താന്‍' ബഹിഷ്‌ക്കരിക്കണമെന്ന ആഹ്വാനവുമായി അയോദ്ധ്യ മഹന്ദ് ഹനുമാൻ ഗർഹി രാജു ദാസ്. സിനിമ ബഹിഷ്‌ക്കരിക്കണമെന്നും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
"പത്താന്‍ സിനിമയില്‍ സനാതന ധര്‍മ്മത്തെ പരിഹസിക്കുകയാണ് ചെയ്യുന്നത്. ചിത്രം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ കത്തിക്കാന്‍ ഞാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു," മഹന്ദ് വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് ഇതുവരെ രംഗത്തെത്തിയിട്ടുള്ളത്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിലെ ബേഷാരം രംഗ് എന്ന ഗാനത്തില്‍ നടി ദീപിക പദുകോണ്‍ കാവി നിറത്തിലുള്ള ബിക്ക്‌നി ധരിച്ചതാണ് ഇതിന് കാരണം.
'ബോളിവുഡിലും ഹോളിവുഡിലും സനാതന ധര്‍മ്മത്തെ പല തവണ പരിഹസിച്ചിട്ടുണ്ട്. കൂടാതെ ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുകയും ചെയ്തു. രാജ്യത്തിന്റെയും സന്യാസിമാരുടെയും മതവികാരത്തെയും വ്രണപ്പെടുത്തുന്ന തരത്തിലാണ് ദീപിക പദുക്കോണ്‍ ബേഷാരം രംഗില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചത്. ഗാനരംഗത്തില്‍ കാവി നിറത്തിലുള്ള ബിക്കിനി ധരിച്ചുകൊണ്ട് ഇത്തരം ചുവടുകള്‍ വെയ്ക്കേണ്ട ആവശ്യം എന്തായിരുന്നു?" മഹന്ദ് രാജു ദാസ് വീഡിയോയില്‍ ചോദിച്ചു.
ഷാരൂഖ് ഖാന്‍ പലപ്പോഴും സനാതന ധര്‍മ്മത്തെ അപമാനിച്ചിട്ടുണ്ടെന്നും മഹന്ത് ആരോപിച്ചതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ഇത് മതവികാരം വ്രണപ്പെടുത്താന്‍ ബോധപൂര്‍വം ചെയ്തതാണെന്നും കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം ആരോപിച്ചു. നേരത്തെ, വിശ്വഹിന്ദു പരിഷത്ത് ദേശീയ വക്താവ് വിനോദ് ബന്‍സാലും സിനിമ ബഹിഷ്‌ക്കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ദീപികയുടെ വസ്ത്രധാരണം ശരിയല്ലെന്നും ലൗ ജിഹാദികളുടെ അസംബന്ധത്തിന് ഒരു പരിധിയുണ്ടെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്.
ചിത്രത്തിലെ ഗാനരംഗത്തിനെതിരെ സുപ്രീം കോടതിയിലെ അഭിഭാഷകനായ വിനീത് ജിന്‍ഡാല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തിന് പരാതി നല്‍കിയിട്ടുണ്ട്. ഗാനരംഗത്തില്‍ തിരുത്തലുകള്‍ വരുത്തുന്നതു വരെ സിനിമയുടെ റിലീസ് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഈ ഗാനം അശ്ലീലച്ചുവയുള്ളതാണെന്നും ഹിന്ദു വികാരങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നത്. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്.
ബേഷാരം രംഗ് ഗാനത്തില്‍ അശ്ലീല നൃത്തം ചെയ്യുകയും ആക്ഷേപകരമായ രീതിയില്‍ ഗാനം അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ദീപികയും ഷാരൂഖ് ഖാനും മതവിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും കത്തില്‍ പറയുന്നു. സെക്ഷന്‍ 295 എ, 298, 505, ഐടി നിയമം, ഐപിസി 304 എന്നിവ പ്രകാരം ഇത് കുറ്റകരമാണെന്നും ഷാരൂഖ് ഖാനും ദീപികയ്ക്കും എതിരെ ശിക്ഷാനടപടി സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ഒരു സംഘടനയുടെ പ്രവര്‍ത്തകര്‍ പത്താന്‍ സിനിമയ്ക്കും ചിത്രത്തിലെ ഗാനരംഗത്തിനും എതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. വീര്‍ ശിവാജി സംഘടനയുടെ പ്രവര്‍ത്തകര്‍ ദീപികയുടെയും ഷാരൂഖ് ഖാന്റെയും കോലം കത്തിച്ചു. ചിത്രം ബഹിഷ്‌ക്കരിക്കണമെന്നാണ് അവരുടെയും ആവശ്യം.