08 December, 2022 02:28:28 PM


ന്യൂനമര്‍ദം 'മാൻഡസ്' ചുഴലിക്കാറ്റായി; തമിഴ്നാട്ടിലും ആന്ധ്രയിലും ജാഗ്രതാ നിർദേശം



ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ച് ' മാൻഡസ്' ചുഴലിക്കാറ്റായി. തെക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റ് മണിക്കുറില്‍ 8 കിലോമീറ്റര്‍ വേഗതയില്‍ കഴിഞ്ഞ മൂന്ന് മണിക്കൂറ് കൊണ്ട് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിയതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇത് പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങുന്നത് തുടരുകയും, ഡിസംബര്‍ ഒമ്പതിന് രാത്രിയോടെ വടക്ക് തമിഴ്നാട്-പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തില്‍ തമിഴ്‌നാട്, പുതുച്ചേരി, ദക്ഷിണ ആന്ധ്രാപ്രദേശ് തീരങ്ങളിലെ ജനങ്ങൾക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട്ടില്‍ നാഗപട്ടണം, തഞ്ചാവൂര്‍, തിരുവാരൂര്‍, കടലൂര്‍, മൈലാടുതുറൈ, ചെന്നൈ എന്നിവിടങ്ങളില്‍ ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്) അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. പുതുച്ചേരിയിലും കാരയ്ക്കലിലും എന്‍ഡിആര്‍എഫിന്റെ മൂന്ന് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്. ഇതിന് പുറമെ, രണ്ട് കണ്‍ട്രോള്‍ റൂമുകളും ഹെല്‍ത്ത് സെന്ററുകളും തുറന്നിട്ടുണ്ട്.

കഴിവതും മരണങ്ങള്‍ ഒഴിവാക്കുകയും വസ്തുവകകള്‍ക്കും വൈദ്യുതി, ടെലികോം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ കുറയ്ക്കുകയുമാണ് ലക്ഷ്യം. അടിസ്ഥാന സൗകര്യത്തിന് കേടുപാടുകള്‍ സംഭവിച്ചാല്‍, എത്രയും പെട്ടെന്ന് അത് പുനഃസ്ഥാപിക്കണമെന്നും ഏജന്‍സികളുടെയും മന്ത്രാലയങ്ങളുടെയും തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്ത് സംസാരിക്കവെ നാഷണല്‍ ക്രൈസിസ് മാനേജ്മെന്റ് കമ്മിറ്റി (എന്‍സിഎംസി) ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ പറഞ്ഞു.

അതേസമയം, ഏതാനും മാസം മുമ്പ് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയിരുന്നു. 'സിട്രാങ്'എന്ന പേരിട്ടിരുന്ന ചുഴലിക്കാറ്റ് ബംഗ്ലാദേശിലെ ടിങ്കോണ ദ്വീപിനും സാന്‍ഡ്വിപ്പിനുമിടയില്‍ തീരം തൊടുമെന്നായിരുന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്.90 മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പ്. തായ്ലന്‍ഡ് ആണ് ചുഴലിക്കാറ്റിന് സിട്രാങ് എന്ന് പേരിട്ടത്.

കഴിഞ്ഞ വര്‍ഷം മധ്യകിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട 'ടൗട്ടെ' ചുഴലിക്കാറ്റായി രൂപപ്പെട്ട്‌ കനത്ത നാശം വിതച്ചിരുന്നു. ഗുജറാത്ത്, ദിയു തീരങ്ങളിലാണ് ചുഴലിക്കാറ്റ് കൂടുതല്‍ വീശിയത്. ചുഴലിക്കാറ്റിന്റ പശ്ചാത്തലത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും ഗുജറാത്തിലും മഹാരാഷ്ട്രയിലും വന്‍നാശ നഷ്ടങ്ങളുണ്ടായി. ഗുജറാത്തില്‍ താഴ്ന്ന തീരപ്രദേശങ്ങളഇല്‍ നിന്നും ഒന്നരലക്ഷത്തോളം ആളുകളെയാണ് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്. തുറമുഖങ്ങളും വിമാനത്താവളങ്ങളും അടച്ചിടുകയും ചെയ്തു.

ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മഹാരാഷ്ട്രയിലെ കൊങ്കണ്‍ തീരത്ത് ആറു മരണം റിപ്പോര്‍ട്ട് ചെയ്യുകയും രണ്ടുബോട്ടുകള്‍ മുങ്ങിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ കാണാതാകുകയും ചെയ്തിരുന്നു. ഇതിന് മുമ്പ്, തീരദേശത്ത് ഭീതി നിറച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിവേഗം ശക്തിപ്പെട്ട് ഗുലാബ് ചുഴലിക്കാറ്റായി മാറിയിരുന്നു. പാകിസ്താന്‍ നിര്‍ദേശിച്ച പേരായിരുന്നു ഇത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K