24 October, 2022 08:32:23 PM
ചെങ്ങന്നൂരിലേക്ക് വരൂ; ഓലമേഞ്ഞ കൊട്ടകയിൽ പഴയകാല സിനിമകള്‍ കാണാം
ആലപ്പുഴ: പഴയകാല ഓര്‍മ്മകള്‍ അയവിറക്കി ഓലമേഞ്ഞ കൊട്ടകയിൽ ഇരുന്ന് വീണ്ടും സിനിമ കാണണോ? എങ്കില്‍ വരൂ ചെങ്ങന്നൂരിലേക്ക്. പഴമയിലേക്ക് മടങ്ങിപ്പോകാനവസരമൊരുക്കി പമ്പാനദിയുടെ തീരത്ത് പഴയ സന്തോഷ് ടാക്കീസ് വീണ്ടും ഒരുങ്ങുന്നു. നാളെ മുതല്‍ അടുത്ത 10 ദിവസം സന്തോഷ് ടാക്കീസിലെത്തി പഴയ ക്ലാസിക് സിനിമകൾ കാണാം.
ഇതേക്കുറിച്ച് സജി ചെറിയാൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പിലേക്ക്: 'ചെങ്ങന്നൂരിലെ മുതിർന്നവരുടെ നൊസ്റ്റാൾജിയ ആണ് മുണ്ടൻകാവിലെ സന്തോഷ് ടാക്കീസ്. ഒരു കാലത്ത് ചെങ്ങന്നൂരിന്റെ പ്രിയപ്പെട്ട തിയേറ്ററായിരുന്ന സന്തോഷ് ടാക്കീസ് കാലത്തിന്റെ കുത്തൊഴുക്കിൽ വിസ്‌മൃതിയിലേക്ക് മറഞ്ഞു. #ചെങ്ങന്നൂർപെരുമയുടെ ഭാഗമായി സന്തോഷ് ടാക്കീസിനെ വീണ്ടും പുനർസൃഷ്ടിക്കുകയാണ്. ചെങ്ങന്നൂർ പെരുമയുടെ നാളുകളിൽ ഓലമേഞ്ഞ പഴയ സിനിമാകൊട്ടക തിരികെ വരും.
മാറ്റിനിയും ഫസ്റ്റ്ഷോയുമാണ് ഉണ്ടാകുക. നാടൻ ചായക്കടയും, മുറുക്കാൻ പീടികയും, പുസ്തകക്കടയും, വർത്തമാനത്തട്ടും, പഴയകാല സിനിമാ ഉപകരണങ്ങളുടെ പ്രദർശനവും ഒക്കെ ഉണ്ടാകും. കേരള ചലച്ചിത്ര അക്കാദമിയും, ഫിലിം ഡെവലപ്മെന്റ് കോർപറേഷനും ചേർന്നാണ് കൊട്ടക നടത്തുന്നത്.