23 October, 2022 12:38:27 PM
പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ കെട്ടിയിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി
ഭോപ്പാൽ: ഛത്തീസ്ഗഡിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ നാല് പേർ ചേർന്ന് കെട്ടിയിട്ട് കൂട്ടമാനഭംഗത്തിനിരയാക്കി. പ്രതികളിലൊരാൾ പ്രായപൂർത്തിയാകാത്തയാളാണ്. സംഭവുമായി ബന്ധപ്പെട്ട് 17 വയസുകാരൻ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. നാലാമൻ ഒളിവിലാണ്. പ്രതികൾ ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നിന് മഹേന്ദ്രഗഡ് ജില്ലയിലെ ചിപ്ചിപി ഗ്രാമത്തിലായിരുന്നു സംഭവം. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നഴ്സ് ഒറ്റയ്ക്കായിരുന്ന സമയം മനസിലാക്കി പ്രതികൾ അതിക്രമിച്ചുകയറുകയായിരുന്നു. പ്രതികൾ യുവതിയെ കെട്ടിയിട്ട് വായ പൊത്തിപ്പിടിച്ച ശേഷം മാറിമാറി ബലാത്സംഗം ചെയ്തു. ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാൽ യുവതി പിന്നീട് മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതോടെ ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.