28 September, 2022 05:10:05 PM
ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവു നായ ശല്യം; വിദ്യാര്‍ഥി ഉള്‍പ്പെടെ പത്തിലധികം പേര്‍ക്ക് കടിയേറ്റു
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരത്തില്‍ തെരുവുനായുടെ കടിയേറ്റ് ഒട്ടേറെ പേര്‍ക്ക് പരിക്ക്. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പത്തിലധികം പേരെ കടിച്ചതായാണ് പ്രാഥമികവിവരം. നഗരസഭാ അധികൃതരുടെ നേതൃത്വത്തില്‍ നായെ പിടികൂടി. വിവരമറിഞ്ഞ ഉടന്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ ബീനാ ഷാജി പേരൂരില്‍നിന്നും നായപിടുത്തക്കാരനെ വിളിച്ചുവരുത്തുകയായിരുന്നു. മാധ്യമപ്രവര്‍ത്തകനായ രവീന്ദ്രന്‍റെ സമയബന്ധിതമായ ഇടപെടലിലൂടെയാണ് നായെ പെട്ടെന്ന് പിടികൂടാനായത്. എം.സി.റോഡില്‍ പടിഞ്ഞാറെനടയിലെ തിരു ഏറ്റുമാനൂരപ്പന്‍ ബസ്ബേയ്ക്ക് സമീപത്തുനിന്നാണ് നായയെ പിടികൂടിയത്. നായുടെ കഴുത്തില്‍ ബെല്‍റ്റ് കാണപ്പെട്ടതിനാല്‍ ആരെങ്കിലും വളര്‍ത്തുന്നതാണോ എന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്.
ഇന്ന് വൈകിട്ട് 4.00 മണിയോടെയായിരുന്നു സംഭവം. വിദ്യാര്‍ഥിയെ കൂടാതെ ലോട്ടറിവിതരണക്കാരനും ബസ് കാത്തുനിന്ന യാത്രക്കാരിയും കടിയേറ്റവരില്‍ ഉള്‍പ്പെടുന്നു. കടിയേറ്റവരില്‍ ഏറ്റുമാനൂര്‍ സ്വദേശി റോബിന്‍ (32), വേദഗിരി സ്വദേശി സിജു (38), പേരൂര്‍ സ്വദേശി ബിജുകുമാര്‍ (42), കോതമംഗലം സ്വദേശി ഷിജു (50) എന്നിവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയെ വലയിട്ട് പിടിച്ചശേഷം ഏറ്റുമാനൂരിലെ മൃഗാശുപത്രിയിലേക്ക് മാറ്റി. പേവിഷബാധ ഉണ്ടോ തുടങ്ങിയ പരിശോധനകള്‍ പിന്നാലെ നടക്കും.