20 September, 2022 09:38:25 AM


ഭാര്യയാണെന്ന് കരുതി ചേര്‍ത്തു പിടിച്ചു കിടന്നു; പ്രേതാനുഭവം പറഞ്ഞ് ഷാജോണ്‍



മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി വേദികളിലൂടെയാണ് മലയാളികള്‍ ഷാജോണിനെ അടുത്തറിയുന്നത്. പിന്നാലെ സിനിമയിലും സജീവമായി മാറുകയായിരുന്നു. തുടക്കത്തില്‍ കോമഡി വേഷങ്ങളായിരുന്നു കൂടുതലും ചെയ്തിരുന്നതെങ്കിലും പിന്നാലെ ക്യാരക്ടര്‍ റോളുകളിലൂടെയും കയ്യടി നേടുകയായിരുന്നു. ഇന്ന് നടനും സംവിധായകനുമൊക്കെയായി തിളങ്ങി നില്‍ക്കുകയാണ് ഷാജോണ്‍.

ഇപ്പോഴിതാ തനിക്കുണ്ടായൊരു പ്രേതാനുഭവം പങ്കുവെക്കുകയാണ് ഷാജോണ്‍. പ്രേതം ഉണ്ടോ ഇല്ലയോ എന്ന ചോദ്യം മനുഷ്യനോളം പഴക്കമുള്ളതാണ്. ശാസ്ത്രം ഇല്ലെന്ന് പറഞ്ഞാലും പ്രേതക്കഥകള്‍ക്ക് കേള്‍വിക്കാരുണ്ട്. ഹൊറര്‍ സിനിമകള്‍ക്കുള്ള ജനപ്രീതി തന്നെ ഇതിന്റെ തെളിവാണ്. കഴിഞ്ഞ ദിവസം ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്.

ഒരു സിനിമയുടെ ഭാഗമായി പൂവാറിലെ ഒരു റിസോര്‍ട്ടില്‍ താമസിക്കേണ്ടി വന്നപ്പോഴുണ്ടായ അനുഭവമാണ് ഷാജോണ്‍ പങ്കുവെക്കുന്നത്. താന്‍ ജീവിതത്തില്‍ ഏറ്റും അധികം പേടിച്ചദിവസമായിരുന്നു അതെന്നാണ് അന്നത്തെ സംഭവത്തെക്കുറിച്ച് ഷാജോണ്‍ പറയുന്നത്. മറക്കാനാകാത്ത, പേടിപ്പിക്കുന്ന അനുഭവം പറയാന്‍ ആവശ്യപ്പെട്ടപ്പോഴായിരുന്നു അദ്ദേഹം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

ബാലചന്ദ്ര മേനോന്‍ സാര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കുമ്പോഴായിരുന്നു സംഭവം. തിരുവനന്തപുരം പൂവാറിലെ ഒരു റിസോര്‍ട്ടിലായിരുന്നു താമസം. വൈകിട്ട് നാല്-അഞ്ച് മണിയോടെയാണ് റിസോര്‍ട്ടിലെത്തുന്നത്. അവിടേക്ക് കയറുമ്പോള്‍ തന്നെ നെഗറ്റീവ് വൈബ് തോന്നുമായിരുന്നുവെന്നാണ് ഷാജോണ്‍ പറയുന്നത്.

താന്‍ താമസിച്ചിരുന്ന കോട്ടേജിന് തൊട്ടടുത്ത കോട്ടേജിലായിരുന്നു കൊച്ചു പ്രേമന്‍ ചേട്ടന്‍ താമസിച്ചിരുന്നത്. അതേസമയം അദ്ദേഹം രാത്രി വീട്ടില്‍ പോകുമെന്ന് പറഞ്ഞിരുന്നുവെന്നും ഷാജോണ്‍ ഓര്‍ക്കുന്നുണ്ട്. രാജാ രവി വര്‍മയുടേതടക്കം നിരവധി പെയിന്റിംഗുകളൊക്കെ വച്ചിട്ടുള്ളതായിരുന്നു റിസോര്‍ട്ട്. താനതൊക്കെ കണ്ടു നടന്നുവെന്നും പിന്നാലെ കിടക്കാന്‍ പോയെന്നും ഷാജോണ്‍ പറയുന്നു.

മുറിയുടെ വാതില്‍ ഗ്ലാസ് കൊണ്ടുള്ളതായിരുന്നുവെന്നും ആരെങ്കിലും പുറത്ത് വന്നാല്‍ കാണാമെന്നും താരം പറയുന്നു. ചെറിയൊരു കര്‍ട്ടന്‍ മാത്രമേയുണ്ടായിരുന്നുള്ളൂ. രാത്രി ഉറക്കത്തില്‍ തൊട്ടടുത്ത് തന്റെ ഭാര്യ കിടക്കുന്നതായി തോന്നുകയായിരുന്നു ഷാജോണിന്. താന്‍ തന്റെ ഭാര്യയെ ചേര്‍ത്തു പിടിച്ച് കിടക്കുകയാണ്. കൃത്യമായിട്ട് തനിക്ക് അറിയാന്‍ സാധിക്കുന്നുണ്ടെന്നും ഷാജോണ്‍ പറയുന്നു.

കുറച്ച് കഴിഞ്ഞതും കിടന്നയാള്‍ തന്നെ തിരിഞ്ഞു നോക്കി. നല്ല വെളുത്തൊരു സ്ത്രീയായിരുന്നു. തന്റെ മുഖത്ത് നോക്കി, ഭാര്യയാണെന്ന് ഓര്‍ത്തല്ലേയെന്ന് ചോദിച്ചെന്നാണ് ഷാജോണ്‍ പറയുന്നത്. കേട്ടതും താന്‍ ഞെട്ടിയൊറ്റയെഴുന്നേക്കല്‍ എഴുന്നേറ്റു. പിന്നെ അവരെ കാണാതായി. എന്റെ പൊന്നോ ഞാന്‍ കൃത്യമായി കണ്ടതാണ്. പുറത്തോട്ട് നോക്കുമ്പോള്‍ ലൈറ്റ് മാത്രമുണ്ട്. മുഴുവന്‍ ഇരുട്ടാണ്. സിനിമയിലെ പോലെ കര്‍ട്ടനൊക്കെ ആടുന്നുണ്ടെന്നും ഷാജോണ്‍ പറയുന്നു.

ചിലപ്പോള്‍ തന്റെ തോന്നല്‍ മാത്രമായിരിക്കാം എന്നും ഷാജോണ്‍ പറയുന്നുണ്ട്. അടുത്ത മുറിയിലുള്ള കൊച്ചു പ്രേമന്‍ ചേട്ടന്റെ അടുത്തേക്ക് പോയാലോ എന്ന് ചിന്തിച്ചു. പക്ഷെ അദ്ദേഹം വീട്ടില്‍ പോയാലോ എന്നു കരുതി അവിടെ തന്നെ ഇരുന്നു. എങ്ങനെയോ നേരം വെളുപ്പിച്ചു എടുക്കുകയായിരുന്നുവെന്നാണ് ഷാജോണ്‍ പറയുന്നത്. പിറ്റേ ദിവസം താന്‍ ആ റൂം ഉപേക്ഷിച്ചെന്നും വേറെ റൂമെടുത്തുവെന്നും താരം പറയുന്നു.

പുതിയ റൂം പുതിയ ബില്‍ഡിംഗിലായിരുന്നു. രവീന്ദ്രന്‍ ചേട്ടന്റെ റൂമിന്റെ അടുത്തായിരുന്നു. അന്ന് രാത്രി മേല്‍ക്കൂരയ്ക്ക് മുകളില്‍ കൂടി എന്തൊക്കയോ കിടന്ന് ഓടുന്ന ശബ്ദം കേട്ടുവെന്നാണ് ഷാജോണ്‍ പറയുന്നത്. അവിടെ താമസിച്ചപ്പോഴെല്ലാം താന്‍ രാത്രി 1.10 ആകുമ്പോള്‍ ഉണരുമായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു. പുറത്തേക്ക് നോക്കുമ്പോള്‍ തൊങ്ങൊക്കെ താഴെ വന്ന് മുട്ടി മുകളിലേക്ക് പോകുന്ന പോലത്തെ കാറ്റായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു. ഇതൊക്കെ എവിടെ നടക്കുനമെന്ന് തനിക്കറിയില്ലെന്നും ഷാജോണ്‍ അമ്പരക്കുന്നുണ്ട്.

''സത്യം പറയാമല്ലോ ഒരാഴ്ച ഞാന്‍ ശരിക്കും പേടിച്ചു. അവിടെ അല്ലാതെ ജീവിതത്തില്‍ ഒരിക്കലും എവിടേയും പേടി തോന്നിയിട്ടില്ല. ഒറ്റയ്ക്ക് നടക്കുന്നതിനും രാത്രി സഞ്ചരിക്കുന്നതിനും എനിക്ക് പേടിയില്ല. പക്ഷെ ഇത് ഞാന്‍ മറക്കില്ല'' എന്നാണ് ഷാജോണ്‍ പറയുന്നത്. ജോ ആന്റ് ജോയാണ് ഷാജോണ്‍ അഭിനയിച്ച് പുറത്തിറങ്ങിയ അവസാനത്തെ സിനിമ. ഇനി ഉത്തരം ആണ് പുറത്തിറങ്ങാനുള്ള പുതിയ സിനിമ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K