03 September, 2022 08:04:23 AM
ക്ലാസിൽ മൂത്രമൊഴിച്ചതിന് മൂന്ന് വയസുകാരന്‍റെ ജനനേന്ദ്രിയത്തിൽ പൊള്ളലേൽപ്പിച്ചു
ബംഗളൂരു: അംഗൻവാടി ക്ലാസിൽ മുത്രമൊഴിച്ചതിന് മൂന്ന് വയസുകാരനായ വിദ്യാർഥിയുടെ ജനനേന്ദ്രിയത്തിൽ അധ്യാപിക പൊള്ളലേൽപ്പിച്ചതായി പരാതി. കർണാടകയിലെ തുമകുരൂ ജില്ലയിലാണ് സംഭവം. ഗൊഡെകെരെയിലെ അംഗൻവാടിയിലെ വിദ്യാർഥിയായ കുട്ടി സ്ഥിരമായി സ്വന്തം വസ്ത്രത്തിൽ മൂത്രമൊഴിക്കുന്നത് തടയാൻ അധ്യാപികയായ പി.കെ രശ്മി തീപ്പെട്ടി ഉപയോഗിച്ച് പൊള്ളലേൽപ്പിച്ചുവെന്നാണ് പരാതി. ഓഗസ്റ്റ് 29-ന് നടന്ന സംഭവം വെള്ളിയാഴ്ചയാണ് ചിക്ക്മംഗളൂർ സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയത്.
പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും മതിയായ ചികിത്സ ലഭ്യമാക്കിയെന്നും പോലീസ് അറിയിച്ചു. അധ്യാപികയ്ക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട്, ഐപിസി 285 വകുപ്പുകൾ പ്രകാരം കേസെടുത്തായി അധികൃതർ അറിയിച്ചു. എന്നാൽ സംഭവത്തിൽ താൻ നിരപരാധിയാണെന്നും കുട്ടിയെ പേടിപ്പെടുത്താൻ തീപ്പെട്ടി ഉപയോഗിച്ചപ്പോൾ അബദ്ധത്തിൽ പൊള്ളലേറ്റതാണെന്നും അധ്യാപിക അറിയിച്ചു.