19 August, 2022 07:16:09 PM


ഏറ്റുമാനൂരില്‍ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ അതിരമ്പുഴ സ്വദേശി അറസ്റ്റിൽ



ഏറ്റുമാനൂര്‍: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. അതിരമ്പുഴ ഓണംതുരുത്ത് കദളിമറ്റം തലയ്ക്കൽ വീട്ടിൽ അനിൽകുമാർ മകൻ ഒബാമ എന്ന് വിളിക്കുന്ന അഭിജിത്ത് കെ.എ (21) യെ ആണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി അയാളിൽ നിന്നും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ കൈവശപ്പെടുത്തി അയാളുടെ ഗൂഗിൾപേ അക്കൗണ്ടിന്‍റെ പാസ്സ്‌വേർഡ് വാങ്ങിയതിനു ശേഷം ഇത് ഉപയോഗിച്ച് അനസിന്‍റെ അക്കൗണ്ടില്‍ നിന്നും പണം ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയും, ശേഷം ഓട്ടോറിക്ഷയിൽ കയറ്റി ഏറ്റുമാനൂർ ബസ് സ്റ്റാൻഡിൽ ഇറക്കി വിടുകയുമായിരുന്നു.


ഈ കേസിലെ പ്രതികളിൽ ഒരാളായ കൊച്ചച്ചു എന്ന് വിളിക്കുന്ന അനുജിത്ത് കുമാറിനെ കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. തുടർന്ന് കൂട്ടുപ്രതിയായ അഭിജിത്തിനുവേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കുകയും തൊടുപുഴ മുട്ടം ഭാഗത്ത് നിന്നും പിടിയിലാവുകയുമായിരുന്നു. ഇയാൾക്ക് ഏറ്റുമാനൂർ, കടുത്തുരുത്തി, മേലുകാവ് എന്നീ സ്റ്റേഷനുകളിൽ കഞ്ചാവ് കടത്ത്, കൊലപാതകശ്രമം, അനധികൃതമായി ആയുധം കയ്യിൽ വയ്ക്കൽ തുടങ്ങി നിരവധി കേസുകൾ നിലവിലുണ്ട്. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തില്‍  ഏറ്റുമാനൂര്‍   എസ്.എച്ച്.ഓ രാജേഷ് കുമാറും സംഘവും ചേര്‍ന്നാണ്  പ്രതിയെ പിടികൂടിയത് .ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K