16 August, 2022 09:42:35 PM
'കേട്ട വാർത്തകൾ സത്യമാണ്'; ആദ്യ കൺമണിയെ വരവേൽക്കാന്‍ തയ്യാറായി ബിപാഷ ബസു
മുംബൈ: ആദ്യ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് തങ്ങൾ എന്ന സന്തോഷ വാർത്ത പങ്കുവെച്ച് ബിപാഷ ബസവും ഭർത്താവ് കരൺ സിംഗ് ഗ്രോവറും. ഗർഭകാല ഫൂട്ടോഷൂട്ടിലെ രണ്ട് ചിത്രങ്ങള്‍ സഹിതം താരങ്ങൾ തങ്ങളുടെ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നിറവയർ ചേർത്തു പിടിച്ച് അതിസുന്ദരിയായാണ് ചിത്രത്തിൽ ബിപാഷയുള്ളത്. ഒപ്പം ചേർന്നു നിൽക്കുന്ന ഭർത്താവ് കരൺ സിംഗ് ഗ്രോവറും.
ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു കുറിപ്പും ബിപാഷ പങ്കുവച്ചിട്ടുണ്ട്. ഒറ്റയ്ക്ക് തുടങ്ങിയ ജീവിതയാത്രയുടെ ഒരു ഘട്ടത്തിൽ തങ്ങൾ പരസ്പരം കണ്ടുമുട്ടി. രണ്ടു പേർ ഒന്നിച്ചു തുടങ്ങിയ യാത്രയിൽ മൂന്നാമതൊരാൾ കൂടി ചേരുകയാണ്. ഞങ്ങളുടെ പ്രണയത്തിൽ നിന്നും രൂപപ്പെട്ട സൃഷ്ടിയാണ് അത്. തങ്ങളുടെ കുഞ്ഞ് ഉടൻ തന്നെ എത്തുമെന്നും ഇതുവരെ എല്ലാവരും തന്ന അകമഴിഞ്ഞ സ്നേഹത്തിന് നന്ദിയും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കഴിഞ്ഞ മാർച്ചിലാണ് ആദ്യമായി ബിപാഷ ഗർഭിണിയാണെന്ന വാർത്തകൾ പ്രചരിച്ചത്. അന്ന് വാർത്തയോട് താരങ്ങൾ പ്രതികരിച്ചിരുന്നില്ല. പിന്നീട് കുഞ്ഞ് ജനിക്കുന്ന വാർത്ത ഇരുവരും ഒന്നിച്ച് അറിയിക്കുമെന്നും വാർത്തകൾ വന്നു. 2016 ലാണ് ബിപാഷയും കരണും വിവാഹിതരായത്. 2015 ൽ പുറത്തിറങ്ങിയ 'എലോൺ' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇരുവരും പരിചയപ്പെടുന്നത്.