25 July, 2022 03:14:22 PM
ബ്രിട്ടീഷുകാർക്കെതിരെ സ്വന്തം സൈന്യം രൂപീകരിച്ച് പോരാടിയ പാരമ്പര്യവുമായി പ്രഥമവനിത
ന്യൂഡല്‍ഹി: ഇന്ത്യയുടെ 15-ാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ചുമതലയേറ്റെടുത്തു. റാം നാഥ് കോവിന്ദിന്‍റെ പിൻഗാമിയായി പദവിയേറ്റെടുത്ത 64കാരിയായ മുർമു ചരിത്രത്തിലേക്ക് നടന്ന് കയറിയിരിക്കുകയാണ്. ആദിവാസി ഗോത്ര വിഭാഗത്തിൽ നിന്ന് രാജ്യത്തിൻെറ പരമോന്നത പദവിയിലെത്തുന്ന ആദ്യത്തെ വനിത കൂടിയാണ് ദ്രൗപതി മുർമു. ആകെ പോൾ ചെയ്ത വോട്ടിന്‍റെ 64.03 ശതമാനം നേടി പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയെ പരാജയപ്പെടുത്തിയാണ് അവര്‍ രാഷ്ട്രപതി പദവിയിലെത്തിയത്.
രാഷ്ട്രപതിയായി മുർമു തെരഞ്ഞെടുക്കപ്പെട്ടപ്പോൾ തന്നെ അവരുടെ ജൻമദേശമായ ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഉപർബെദ ഗ്രാമത്തിൽ ആഘോഷങ്ങൾ തുടങ്ങിയിരുന്നു. മുർമുവിൻെറ ഗോത്രമായ സാന്താൾ വിഭാഗത്തിന് ഇത് അഭിമാന നിമിഷമാണ്. ഗോണ്ടുകൾക്കും ഭില്ലുകൾക്കും പിറകിലായി ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ പട്ടികവർഗവിഭാഗമാണ് സാന്താൾ വിഭാഗം. ഒഡീഷ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് ഇവരുടെ ജനസംഖ്യ കൂടുതലുള്ളത്.
രാഷ്ട്രപതി ദ്രൗപതി മുർമുവിന് പുറമെ നിലവിലെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ സാന്താൾ വിഭാഗക്കാരനാണ്. കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിന്‍റെ ആദ്യ ലഫ്റ്റനന്റ് ഗവർണറായിരുന്ന ചന്ദ്ര മുർമു, കേന്ദ്ര ഗോത്രകാര്യമന്ത്രി ബിസേശ്വർ ടുഡു എന്നിവരും സാന്താൾ വിഭാഗക്കാരാണ്. ദ്രൗപതി മുർമുവിന്‍റെ സ്വന്തം ജില്ലയായ മയൂർഭഞ്ചിലാണ് ഏറ്റവും കൂടുതൽ സാന്താൾ വിഭാഗക്കാരുള്ളത്. കിയോഞ്ജർ, ബാലസോർ എന്നീ ജില്ലകളിലും ഈ ഗോത്രവിഭാഗക്കാരുണ്ട്. ഭുവനേശ്വറിലെ പട്ടികജാതി-പട്ടികവർഗ ഗവേഷണ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട് പറയുന്നത് പ്രകാരം 'ശാന്ത' ശാന്തിയും സമാധാനവും 'അല' അഥവാ മനുഷ്യൻ എന്നീ രണ്ട് വാക്കുകളിൽ നിന്നാണ് സാന്താൾ എന്ന് വാക്ക് ഉരുത്തിരിഞ്ഞു വന്നത്.
നാടോടിജീവിതം നയിച്ചിരുന്ന സാന്താളുകൾ പിന്നീട് ഛോട്ടാനാഗ്പൂർ പീഠഭൂമിയിൽ താമസമാക്കുകയും പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബീഹാറിലെത്തുകയും പിന്നീട് ഒഡീഷയിലേക്ക് കുടിയേറുകയും ചെയ്തു. 1855-56ൽ ഈസ്റ്റ് ഇന്ത്യ കമ്പനിക്കെതിരെ കലാപം നയിച്ച പാരമ്പര്യവും സാന്താൾ വിഭാഗക്കാർക്കുണ്ട്. കർഷകരെ അണിനിരത്തി സ്വന്തം സൈന്യം രൂപീകരിച്ചാണ് ഇവർ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയത്. റെയിൽവേ ലൈനുകളും തപാൽ വാർത്താവിനിമയ സംവിധാനങ്ങളും അവർ നശിപ്പിച്ചു. സ്റ്റോർഹൗസുകളും ഗോഡൗണുകളും ആക്രമിക്കുകയും കൂടി ചെയ്തതോടെ ബ്രിട്ടീഷുകാർ തിരിച്ചടിക്കാൻ തീരുമാനിച്ചു. ആയുധം ഉപയോഗിച്ചാണ് ബ്രിട്ടീഷുകാർ ഈ കലാപം അടിച്ചമർത്തിയത്. ബംഗാളിലെ നക്സലൈറ്റ് പ്രസ്ഥാനത്തിന് പ്രചോദനമായത് സാന്താൾ കലാപമാണെന്ന് പറയപ്പെടുന്നു.
ഒഡീഷയിലെ മറ്റ് ആദിവാസി വിഭാഗങ്ങളേക്കാൾ സാക്ഷരതയിൽ മുന്നിൽ നിൽക്കുന്നവരാണ് ഇവർ. സാന്താളുകൾക്ക് സ്വന്തമായി അമ്പലങ്ങളില്ല. സർന ജാതിയിൽപെടുന്നവരുടെ ആചാരങ്ങളാണ് ഇവർ പിന്തുടരുന്നത്. പ്രകൃതിയെ ആരാധിക്കുന്നവർ കൂടിയാണിവർ. ഓസ്ട്രോ-ഏഷ്യാറ്റിക് ഭാഷാ കുടുംബത്തിൽപ്പെട്ട സാന്താലി ഭാഷയാണ് സാന്താളുകൾ സംസാരിക്കുന്നത്. 1925-ൽ ഡോ. രഘുനാഥ് മുർമു വികസിപ്പിച്ചെടുത്ത ഓൾചികി എന്ന സ്‌ക്രിപ്റ്റാണ് സാന്താളുകൾക്കുള്ളത്. വിധവ പുനർവിവാഹം, നിർബന്ധിത വിവാഹം, ഒളിച്ചോടിയുള്ള വിവാഹം, ഗർഭിണിയാക്കിയ സ്ത്രീയെ പുരുഷൻ വിവാഹം ചെയ്യൽ തുടങ്ങിയ വിവാഹരീതികളെല്ലാം ഈ വിഭാഗക്കാർക്കിടയിലുണ്ട്.
'ഓല' എന്ന് വിളിക്കപ്പെടുന്ന സാന്താൾ വീടുകൾ വ്യത്യസ്‌തവും ദൂരെ നിന്ന് തിരിച്ചറിയാവുന്നതുമാണ്, പുറം ഭിത്തികളിൽ പല നിറങ്ങളിലുള്ള പെയിന്റിംഗുകൾ ഉള്ള ഈ വീടുകൾ വലുതും വൃത്തിയുള്ളതും ആകർഷകവുമാണ്. ചുവരിന്‍റെ അടിഭാഗം കറുത്ത മണ്ണും മധ്യഭാഗം വെള്ളയും മുകൾഭാഗം ചുവപ്പും കൊണ്ടാണ് നിർമ്മിക്കുക.