14 July, 2022 08:53:16 PM


സ്കൂട്ടറില്‍ കാറിടിച്ച് ദമ്പതികൾ മരിച്ച സംഭവം: മദ്യപിച്ചു കാര്‍ ഓടിച്ച ഡ്രൈവര്‍ അറസ്റ്റില്‍



കോട്ടയം: കുമരകം വെച്ചൂർ റോഡ്ചീപ്പുങ്കൽ ഭാഗത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. കാർ ഓടിച്ചിരുന്ന കോട്ടയം മണർകാട് ബൈപ്പാസ് റോഡിൽ മങ്ങാട്ടുമഠം വീട്ടിൽ രാഘവൻ നായരുടെ മകൻ  പുരുഷോത്തമൻ നായരെ (71) യാണ്  ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്. വൈദ്യ പരിശോധനയിൽ ഇയാൾ മദ്യപിച്ചിരുന്നു എന്ന് വെളിപ്പെട്ടു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. 

അപകടത്തില്‍ വൈക്കം കുടവെച്ചൂർ കിടങ്ങനശ്ശേരിൽ ജസ്സിൻ (35), സുമി (33) എന്നിവരാണ് മരിച്ചത്.  ഒപ്പമുണ്ടായിരുന്ന ഒന്നര വയസ്സുകാരി പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപെട്ടു. മൂന്നര വയസ്സുകാരൻ മകൻ കാലിന് ഒടിവുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ബുധനാഴ്ച വൈകിട്ട് 5.30 മണിയോടു കൂടിയായിരുന്നു അപകടം. കുമരകം ഭാഗത്തു നിന്നും വെച്ചൂർ ഭാഗത്തേക്ക് പോകുമ്പോഴായിരുന്നു ജസ്റ്റിനും കുടുംബവും അപകടത്തിൽ പെട്ടത്. സുമിയുടെ വീട്ടിൽ പോയ ശേഷം സ്വന്തം വീട്ടിലേയ്ക്ക് മടങ്ങി വരുംവഴിയായിരുന്നു അപകടം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.2K