06 July, 2022 04:19:18 PM


ട്രാക്കില്‍ മരം വീണു; ട്രയിന്‍ നിര്‍ത്തി യാത്രക്കാര്‍ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു



വൈക്കം: ട്രാക്കിലേക്ക് മരം വീണതോടെ കോട്ടയം എറണാകുളം തീവണ്ടി പാതയിൽ തടസ്സപ്പെട്ട ഗതാഗതം യാത്രക്കാരുടെ ഇടപെലിൽ അതിവേഗം പുനസ്ഥാപിച്ചു. വൈക്കം റോഡ് റെയിൽവേ സ്‌റ്റേഷനും, പിറവം റോഡിനും ഇടയിലാണ് കനത്ത കാറ്റിനും മഴക്കും പിന്നാലെ  റെയിൽവേ ട്രാക്കിലേയ്ക്കു മരം വീണത്. ഇന്ന് രാവിലെ 7.50 ഓടെ പാലരുവി എക്‌സ്പ്രസ് കടന്നു പോകുമ്പോഴാണ് മരക്കമ്പ് ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റിന്‍റെ ശ്രദ്ധയിൽ പെട്ടത്.


ട്രയിന്‍ വൈക്കം റോഡ് സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് മരം ട്രാക്കിലേക്ക് വീണത് ലോക്കോ പൈലറ്റ് കണ്ടത്. ഉടൻ തീവണ്ടി നിർത്തി. സംഭവത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കിയ സ്ഥിരം യാത്രക്കാരുടെ നേതൃത്വത്തിൽ അവസരോചിതമായുണ്ടായ ഇടപെടലാണ് തടസം അതിവേഗം മാറ്റാന്‍ കാരണമായത്. യാത്രക്കാരുടെ നേതൃത്വത്തിൽ ട്രാക്കില്‍ കിടന്ന മരക്കമ്പ് വെട്ടിമാറ്റുകയായിരുന്നു.


ഇതോടെ പാലരുവി എക്സ്പ്രസിന് മാത്രമാണ് രാവിലെ ഇരുപത് മിനിറ്റോളം ഗതാഗതം തടസപ്പെട്ടത്. പിന്നാലെ എത്തിയ വേണാട് എക്സ്പ്രസ് അടക്കമുള്ള തീവണ്ടികൾ സമയക്രമം പാലിച്ച് തന്നെ ഇതേ പാതയിലൂടെ യാത്ര തുടർന്നു. ട്രയിനുകൾ കടന്നു പോകുന്നതിനു മുൻപ് ആണ് റെയിൽവേ ട്രാക്കിൽ മരക്കമ്പുകൾ വീണത് എന്നതിനാൽ വലിയ അപകടങ്ങളും ഒഴിവാകുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K