20 June, 2022 09:57:37 AM


മാലിന്യസംസ്‌കരണം പരാജയം: നഗരസഭയ്ക്ക് 23 ലക്ഷം പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്



പാലാ: പാലാ നഗരസഭയുടെ മാലിന്യസംസ്‌കരണം അമ്പേ പരാജയമായതിനെതുടര്‍ന്ന് 23 ലക്ഷം രൂപാ പിഴയടയ്ക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവ്. പിഴയടയ്ക്കാതിരിക്കണമെങ്കില്‍ തക്കതായ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നഗരസഭയ്ക്ക് മെമ്മോയും നല്‍കി. പാലാ നഗരത്തിലെ മാലിന്യങ്ങള്‍ നീക്കുന്ന കാര്യത്തില്‍ നഗരസഭ അധികാരികള്‍ കടുത്ത അലംഭാവം കാണിക്കുന്നതായി നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. 


കഴിഞ്ഞ മേയ് മാസത്തില്‍ സംസ്ഥാന അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മാലിന്യസംസ്‌കരണ അവലോകന യോഗത്തിലും നഗരസഭയുടെ നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. പാലാ നഗരസഭയുടെ ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളും ഹരിത കര്‍മ്മസേനയുടെ മൊത്തത്തിലുള്ള പ്രവര്‍ത്തനവും തൃപ്തികരമല്ലെന്ന് യോഗം വിലയിരുത്തിയിരുന്നു. മാലിന്യസംസ്‌കരണത്തിന് എത്രയും വേഗം പാലാ നഗരസഭ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്‍കിയിരുന്നു. 


നഗരസഭയിലെ പല പ്രദേശങ്ങളിലും മാലിന്യങ്ങള്‍ കൂട്ടിയിടുകയോ പൊതുസ്ഥലത്ത് കത്തിക്കുകയോ ചെയ്യുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ വിലയിരുത്തലിനെ തുടര്‍ന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റിയോഗം അടിയന്തിരമായി ചേരുകയും ചില തീരുമാനങ്ങളെടുത്ത് അത് നഗരസഭ കൗണ്‍സിലിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും ചെയ്തു. എന്നാല്‍ ഈ വിഷയം ഇതേ വരെ നഗരസഭ കൗണ്‍സില്‍ യോഗത്തിന്റെ പരിഗണനയില്‍ വന്നിരുന്നില്ല. 


ശാസ്ത്രീയമായ ഖരമാലിന്യ സംസ്‌കരണം പാലാ നഗരസഭയില്‍ ഏര്‍പ്പെടുത്താത്തതില്‍ പരിസ്ഥിതിയെ മലിനമാക്കുന്നതിനുള്ള നഷ്ടപരിഹാര ഇനത്തില്‍ 23 ലക്ഷം രുപാ പിഴ അടയ്ക്കണമെന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടിരുന്നത്. പാലാ നഗരസഭയുടെ ഖരമാലിന്യ നിര്‍മ്മാര്‍ജ്ജനം തൃപ്തികരമല്ലെന്ന അഡീഷണല്‍ ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായുള്ള യോഗത്തിന്റെ വിലയിരുത്തലിനെ ഏറെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യം ഇന്നുചേരുന്ന നഗരസഭാ യോഗത്തില്‍ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുമെന്നും ചെയര്‍മാന്‍ ആന്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു.


ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിനോടൊപ്പം എല്ലാ വാര്‍ഡിലും ഒരു മിനി എം.സി.എഫ്. നിര്‍മ്മിക്കുവാനും റിസോഴ്‌സ് റിക്കവറി ഫസിലിറ്റി സ്ഥാപിച്ച് അജൈവ മാലിന്യങ്ങള്‍ തരംതിരിക്കാനും അടിയന്തിരമായി നടപടി സ്വീകരിക്കാന്‍ തത്വത്തില്‍ തീരുമാനമായിട്ടുണ്ട്. ഇന്ന് ചേരുന്ന കൗണ്‍സില്‍ യോഗം ഇതും പരിഗണിക്കുന്നുണ്ട്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K