23 May, 2022 05:34:56 PM
വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ വീട്ടുടമ തോക്കു ചൂണ്ടി ബലാത്സംഗം ചെയ്തു
ബംഗളൂരു: വാടകയ്ക്ക് താമസിക്കുന്ന വിദ്യാര്‍ത്ഥിനിയെ തോക്കുചൂണ്ടി ബലാത്സംഗം ചെയ്ത കേസില്‍ വീട്ടുടമ അറസ്റ്റില്‍. ടൈല്‍സ് ബിസിനസുകാരനായ അനില്‍ രവിശങ്കര്‍ പ്രസാദ് എന്നയാളാണ് പിടിയിലായത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കോളജില്‍ പഠിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിനിയാണ് ക്രൂരപീഡനത്തിന് ഇരയായത്.
കഴിഞ്ഞ മാര്‍ച്ചു മാസം മുതല്‍ പെണ്‍കുട്ടി ഇയാളുടെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ വരുന്നതിനെച്ചൊല്ലി ഇയാള്‍ പലപ്പോഴും കുട്ടിയുമായി വഴക്കിട്ടിരുന്നു. ഒരു ദിവസം, പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് വീട്ടില്‍ രാത്രി തങ്ങിയിരുന്നതായി വീട്ടുടമ കണ്ടെത്തി. തുടര്‍ന്ന് സുഹൃത്തിന്‍റെ ബൈക്ക് പിടിച്ചുവെച്ച വീട്ടുടമ, പോലീസില്‍ കേസ് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് യുവാവിനെ വിട്ടയച്ചത്.
ഇതിനെച്ചൊല്ലി പെണ്‍കുട്ടിയും വീട്ടുടമയും തമ്മില്‍ വഴക്കുണ്ടായി. വീട്ടുടമയുടെ പെരുമാറ്റം സംബന്ധിച്ച് മാതാപിതാക്കളോട് പറയുമെന്നും പെണ്‍കുട്ടി മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ വീട്ടുടമ വീട്ടില്‍ പോയി തോക്കുമായി തിരികെ വന്നു. തുടര്‍ന്ന്, തോക്ക് നെറ്റിയില്‍ ചൂണ്ടി ബലാത്സംഗം ചെയ്യുകയായിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിച്ചു. വീട്ടുകാര്‍ ബംഗളൂരുവിലെത്തി, അശോക് നഗര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.