20 May, 2022 07:10:08 AM
പാലരുവി എക്സ്പ്രസിന് അഞ്ച് ദിവസം ഏറ്റുമാനൂരിൽ സ്റ്റോപ്പ് ; പരശുറാമും വേണാടും റദ്ദാക്കി
കോട്ടയം : പാലരുവി എക്സ്പ്രസിന് അഞ്ച് ദിവസം ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിച്ചു. മെയ് 23 മുതൽ 27 വരെ ട്രെയിൻ നമ്പർ 16791 ന് രാവിലെ 7.20 നും, 16792 നമ്പർ തീവണ്ടിക്ക് വൈകിട്ട് 7.57നും ഒരു മിനിറ്റ് സ്റ്റോപ്പാണ് താൽക്കാലികമായി നൽകിയിരിക്കുന്നത്.
അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന കോട്ടയം വഴിയുള്ള പാത ഇരട്ടിപ്പിക്കൽ പ്രവർത്തനങ്ങളുടെ ഭാഗമായി ഈ മാസം 22 മുതൽ 28 വരെ വിവിധ തീവണ്ടികൾക്ക് ഈ പാതയിൽ നിയന്ത്രണം ഉണ്ട്. ഈ സാഹചര്യത്തിലാണ് കോട്ടയം എറണാകുളം പാതയിലെ പ്രധാന സ്റ്റേഷനായ ഏറ്റുമാനൂരിലെ നൂറുകണക്കിന് യാത്രക്കാർക്ക് സഹായമായി പാലരുവി എക്സ്പ്രസിന് താൽക്കാലിക സ്റ്റോപ്പ് നൽകിയിരിക്കുന്നത്.
കോട്ടയം - ചിങ്ങവനം പാത ഇരട്ടിപ്പിക്കൽ പണികളുടെ ഭാഗമായി ആയിരക്കണക്കിന് യാത്രക്കാർ ആശ്രയിക്കുന്ന പരുശുറാം മെയ് 21 മുതൽ 28 വരെ ഒൻപത് ദിവസവും, വേണാട് എക്സ്പ്രസ് മെയ് 24 മുതൽ 28 വരെ അഞ്ച് ദിവസവും റദ്ദാക്കിയിട്ടുണ്ട്. എറണാകുളം മെമു മെയ് 24 മുതൽ 28 വരെയും റദ്ദാക്കിയതായി റെയിൽവേ അറിയിപ്പ് നൽകിയിട്ടുണ്ട്.
മെയ് 28-ന് കോട്ടയം വഴിയുള്ള ഇരട്ടപാതയുടെ കമ്മീഷണിംങ് നിശ്ചയിച്ചിരിക്കുന്നതിനാൽ പൂർണമായും തീവണ്ടികളുടെ യാത്ര ഒഴിവാക്കുമെന്നും റെയിൽവേ അറിയിപ്പ് നൽകിയിട്ടുണ്ട്.