18 May, 2022 10:34:13 AM
ഏറ്റുമാനൂരിൽ ബിജെപി സീറ്റ് നിലനിർത്തി; നഗരസഭയിൽ യുഡിഎഫ് ഭരണം തുടരും
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയിലെ 35-ാം വാർഡിലേക്ക് (അമ്പലം) നടന്ന ഉപതെരഞ്ഞെടുപ്പിൽ ബിജെപിയിലെ സുരേഷ് ആർ നായർ (കണ്ണൻ) വിജയിച്ചു. ബിജെപിക്ക് 307 വോട്ടും, എൽഡിഎഫിന് 224 വോട്ടും, യുഡിഫ് സ്ഥാനാർത്ഥിക്ക് 151 വോട്ടും ലഭിച്ചു. 83 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് വിജയം. ഇതോടെ ഭരണത്തിൽ എത്താനുള്ള എൽഡിഎഫിൻ്റെ നീക്കം പാളി.
ഇന്നലെ നടന്ന വോട്ടെടുപ്പിൽ 71.49 ശതമാനം പോളിംഗ് രേഖപെടുത്തിയിരുന്നു. ആകെയുള്ള 954 വോട്ടർമാരിൽ 682 പേർ വോട്ട് ചെയ്തു. 336 സ്ത്രീകളും 346 പുരുഷന്മാരും. മൂന്നു സ്ഥാനാർഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി കെ. മഹാദേവൻ ഇന്ദീവരവും, യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽകുമാറും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ സുരേഷ് ആർ. നായരുമാണ് മത്സരിച്ചത്. ഇവിടെ കൗൺസിലറായിരുന്ന ബിജെപി അംഗം വിദേശത്ത് പാേയതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നഗരസഭ ഇനി ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. 2 സ്വതന്ത്രരുടെ പിന്തുണയോടെ 15 അംഗങ്ങളുമായി യുഡിഎഫിനാണ് ഇപ്പോള്‍ ഭരണം. 12 അംഗങ്ങളാണ് ഇടതുപക്ഷത്ത്. ഒരു സ്വതന്ത്രയും ഇടതുപക്ഷത്തിന് ഇപ്പോള്‍ പിന്തുണ നല്‍കുന്നുണ്ട്. ബിജെപിയ്ക്ക് നിലവില്‍ 6 അംഗങ്ങളാണുള്ളത്. ബിജെപിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ ജയിച്ചാല്‍ യുഡിഎഫിന് തന്നെ ഭരണം തുടരാം. ഇപ്പോള്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്ന ഒരു കൌണ്‍സിലര്‍ തങ്ങളോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനാല്‍ 35-ാം വാര്‍ഡില്‍ കെ.മഹാദേവന്‍ ജയിച്ചാല്‍ ഭരണം അട്ടിമറിക്കാം എന്ന ചിന്തയിലായിരുന്നു എൽ ഡി എഫ്.