17 May, 2022 06:35:51 PM
ഏറ്റുമാനൂര്‍ ഉപതിരഞ്ഞെടുപ്പ് അവസാനിച്ചു; നഗരസഭ ഇനി ആര് ഭരിക്കണമെന്ന് നാളെ അറിയാം
ഏറ്റുമാനൂർ : ഏറ്റുമാനൂർ നഗരസഭയിലെ 35-ാം വാർഡിലേക്ക് ( അമ്പലം) നടന്ന ഉപതെരഞ്ഞെടുപ്പിൽ 71.49 ശതമാനം പോളിംഗ്. ആകെയുള്ള 954 വോട്ടർമാരിൽ 682 പേർ വോട്ട് ചെയ്തു. 336 സ്ത്രീകളും 346 പുരുഷന്മാരും സമ്മതിദാനാവകാശം വിനിയോഗിച്ചു. നാളെയാണ് ഫലപ്രഖ്യാപനം. ഇന്ന് വൈകുന്നേരം 6 മണി വരെ ഏറ്റുമാനൂർ എൻ.എസ്.എസ് കരയോഗം ഹാളിലാണ് വോട്ടെടുപ്പ് നടന്നത്. അഞ്ചുമണി വരെ 329 സ്ത്രീകളും 326 പുരുഷന്മാരും ഉൾപ്പെടെ 655 പേർ വോട്ടുചെയ്തിരുന്നു. അതായത് പോളിംഗ് ശതമാനം 68.66%.
വോട്ടെണ്ണൽ ബുധനാഴ്ച (മേയ് 18) രാവിലെ 10 മുതൽ ഏറ്റുമാനൂർ നഗരസഭ ഹാളിൽ നടക്കും. വേട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തീകരിച്ചതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് പറഞ്ഞു. മൂന്നു സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എൽഡിഎഫ് സ്വതന്ത്രസ്ഥാനാർത്ഥിയായി കെ. മഹാദേവൻ ഇന്ദീവരവും, യുഡിഎഫിൽ കോൺഗ്രസ് പ്രതിനിധി സുനിൽകുമാറും, എൻഡിഎ സ്ഥാനാർത്ഥിയായി ബിജെപിയുടെ സുരേഷ് ആർ. നായരുമാണ് മത്സരിക്കുന്നത്. ഇവിടെ കൗൺസിലറായിരുന്ന ബിജെപി അംഗം വിദേശത്ത് പാേയതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്.
നഗരസഭ ഇനി ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. 2 സ്വതന്ത്രരുടെ പിന്തുണയോടെ 15 അംഗങ്ങളുമായി യുഡിഎഫിനാണ് ഇപ്പോള്‍ ഭരണം. 12 അംഗങ്ങളാണ് ഇടതുപക്ഷത്ത്. ഒരു സ്വതന്ത്രയും ഇടതുപക്ഷത്തിന് ഇപ്പോള്‍ പിന്തുണ നല്‍കുന്നുണ്ട്. ബിജെപിയ്ക്ക് നിലവില്‍ 6 അംഗങ്ങളാണുള്ളത്. ബിജെപിയോ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോ ജയിച്ചാല്‍ യുഡിഎഫിന് തന്നെ ഭരണം തുടരാം. ഇപ്പോള്‍ യുഡിഎഫിനോടൊപ്പം നില്‍ക്കുന്ന ഒരു കൌണ്‍സിലര്‍ എല്‍ഡിഎഫിനോട് ആഭിമുഖ്യം പുലര്‍ത്തുന്നതിനാല്‍ 35-ാം വാര്‍ഡില്‍ കെ.മഹാദേവന്‍ ജയിച്ചാല്‍ ഭരണം മാറാനുള്ള സാഹചര്യമൊരുങ്ങും.