13 May, 2022 08:31:34 AM
ഏറ്റുമാനൂരിലെ വനിതാ ജിംനേഷ്യം നിർത്തി: സ്റ്റോക്ക് രജിസ്റ്ററില്ല; ഓഡിറ്റിൽ വിമർശനം
ഏറ്റുമാനൂർ: ഏറ്റുമാനൂർ നഗരസഭയുടെ കീഴിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ വനിതകൾക്കായി ആരംഭിച്ച ജിംനേഷ്യം പ്രവർത്തനം നിർത്തിയതിൽ സംസ്ഥാന ഓഡിറ്റ് റിപ്പോർട്ടിൽ വിമർശനം. 2020- 22 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് വിമർശനം. ജിംനേഷ്യവും യോഗയും വനിതകളെ പരിശീലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭയുടെ ഓഫിസിനു സമീപത്തെ കെട്ടിടത്തിൽ ആരംഭിച്ച വനിത റിസോഴ്സ് സെന്റർ ആൻഡ് ഹെൽത്ത് ക്ലബിന്റെ പ്രവർത്തനമാണ് നിലച്ചത്.
4,75,000 രൂപ ചെലവഴിച്ച് വാങ്ങിയ ഉപകരണങ്ങൾ ഇപ്പോൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനു ശേഷം കോവിഡ് വ്യാപനത്തെ തുടർന്നു ജിംനേഷ്യത്തിന്റെ പ്രവർത്തനം നിലച്ചു . കോവിഡ് വ്യാപനം കുറഞ്ഞെങ്കിലും പ്രവർത്തനം സജീവമാക്കാനും അതുവഴി വരുമാനം വർധിപ്പിക്കാനും ആവശ്യമായ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു . 2018 - 19 വർഷത്തെ വികസനഫണ്ട് ഉപയോഗിച്ച് വാങ്ങിയ ട്രെഡ്മിൽ, വെയ്റ്റ് ലിഫ്റ്റിങ് തുടങ്ങിയ ഉപകരണങ്ങളാണ് ഉപയോഗശൂന്യമായത്. നഗരസഭയുടെ വികസന ഫണ്ട് കൂടാതെ ഉപകരണങ്ങൾ വാങ്ങുന്നതിനു ജില്ലാ - ബ്ലോക്ക് പഞ്ചായത്തുകളുടെ ധനസഹായം ലഭിച്ചിട്ടുണ്ടോ എന്നതും പരിശോധിക്കുന്നുണ്ട്.
കൂടാതെ നഗരസഭയിൽ സ്റ്റോക്ക് റജിസ്റ്റർ സൂക്ഷിച്ചിട്ടുമില്ല. വിവാദവും അഴിമതി തെളിയിക്കപ്പെടുന്നതുമായ ഫയലുകളും രജിസ്റ്ററുകളും രേഖകളും കാണാതാകുന്നത് ഏറ്റുമാനൂർ നഗരസഭയിൽ നിത്യ സംഭവമാണ്. അത്തരത്തിൽ നഷ്ടപ്പെട്ടതാണോ സ്റ്റോക്ക് രജിസ്റ്റർ എന്നും സംശയമുയർന്നിട്ടുണ്ട്. ഓഡിറ്റ് അന്വേഷണ റിപ്പോർട്ടിനു വ്യക്തമായ മറുപടിയും ഇതുവരെ നൽകിയിട്ടില്ലത്രേ. ഓഡിറ്റിൽ കണ്ടെത്തിയ അപാകതകൾ അതത് സമയം അന്വേഷണ കുറിപ്പുകളിലൂടെ നഗരസഭയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. 37 അന്വേഷണ കുറിപ്പുകൾ നൽകിയതിൽ 12 എണ്ണത്തിനാണ് മറുപടി ലഭിച്ചത്.
അതേസമയം വനിത റിസോഴ്സ് സെന്റർ ആൻഡ് ഹെൽത്ത് ക്ലബ്ബിന്റെ പ്രവർത്തനം വീണ്ടും ആരംഭിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാ നിച്ചിട്ടുണ്ടെന്നു നഗരസഭാധ്യക്ഷ ലൗലി ജോർജ് പടികര പറഞ്ഞു.