12 May, 2022 08:13:21 PM
വധശ്രമം, പിടിച്ചുപറി ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതി വിൻസെന്‍റ് അറസ്റ്റില്‍
പാലാ: പാല മുണ്ടുപാലത്ത് വച്ച് രാമപുരം കുണിഞ്ഞി സ്വദേശിയായ യുവാവിനെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കുറവിലങ്ങാട് തോട്ടുവ ചിറക്കൽ പോത്ത് വിൻസെന്‍റ് എന്നു വിളിക്കുന്ന തോമസ് വർഗ്ഗീസ് (46) ആണ് പാലാ പോലീസിന്‍റെ പിടിയിലായത്.
മെയ് 7ന് രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. പ്രത്യേകം നിർമ്മിച്ച മാരകായുധംകൊണ്ടുള്ള ആക്രമണത്തില്‍ യുവാവിന്‍റെ കൈക്ക് പൊട്ടലും കണ്ണിന് ഗുരുതര പരിക്കും ഏറ്റിരുന്നു. തുടർന്ന് ഒളിവിൽ പോയ പ്രതിയെ പാല എഎസ്പി നിധിൻ രാജിന്‍റെ നിർദ്ദേശാനുസരണം പാല എസ്എച്ച്ഓ കെ.പി തോംസണിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർ ഷാജി സെബാസ്റ്റ്യൻ, എഎസ്ഐ ബിജു കെ. തോമസ്, സിപിഓ രഞ്ജിത് എന്നിവർ ചേർന്ന് പിറവം പാമ്പാക്കുടയിലുള്ള ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്.
1999 ൽ ഇടുക്കി മുരിക്കാശ്ശേരിയിൽ ആർഎസ്എസ് പ്രവർത്തകന്‍റെ കൈ വെട്ടിമാറ്റിയതും, പാലായിലും തൊടുപുഴയിലും ബൈക്കിലെത്തി മാല പിടിച്ചുപറിച്ചതും, എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ വഞ്ചനാകേസും കുറവിലങ്ങാട് പോലീസിനെ ആക്രമിച്ചതും മറ്റു അടിപിടി കേസുകളും, ഗാന്ധിനഗർ സ്റ്റേഷനിൽ വധശ്രമക്കേസും ഉൾപ്പടെ സംസ്ഥാനത്ത് നിരവധി കേസ്സുകളിൽ പ്രതിയായി ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് വിൻസെന്‍റ്. പ്രതിയെ പാല കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.