05 May, 2022 03:15:04 PM
ദംഗലിനെ മലർത്തിയടിച്ച് റോക്കി ഭായി; അടുത്ത ലക്ഷ്യം ബാഹുബലി
മുംബൈ: ബോക്സ് ഓഫീസ് റെക്കോഡുകൾ തകർത്തുള്ള 'കെജിഎഫ് ചാപ്റ്റർ 2' വിന്‍റെ പ്രയാണം തുടരുകയാണ്. ഇപ്പോൾ ഇതാ പുതിയൊരു റെക്കോർഡ് കൂടി തകർത്തിരിക്കുകയാണ് പ്രശാന്ത് നീൽ ചിത്രം. ബോളിവുഡിൽ ഏറ്റവും കളക്ഷൻ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്‍റെ ഹിന്ദി പതിപ്പ്. ആമിർ ഖാൻ ചിത്രം ദംഗലിനെ പിന്നിലാക്കിയാണ് കെജിഎഫിന്‍റെ പുതിയ നേട്ടം.
ചിത്രത്തിന്‍റെ ഹിന്ദി പതിപ്പ് ഇതിനോടകം 400 കോടിയോടടുത്ത് നേടിക്കഴിഞ്ഞു. നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യൻ സിനിമകളുടെ മൊഴിമാറ്റമാണ്. പ്രഭാസ് അഭിനയിച്ച എപിക് പീരിയഡ് ഡ്രാമ 'ബാഹുബലി 2 ദി കൺക്ലൂഷൻ' ആണ് ഒന്നാം സ്ഥാനത്തുള്ളത്. 510.99 കോടിയാണ് ബാഹുബലിയുടെ ബോക്‌സ് ഓഫീസ് കളക്ഷൻ.
അതേസമയം വേൾഡ് വൈഡ് കലക്ഷനിൽ കെജിഎഫിന് ദംഗലിനെ മറികടക്കാനായിട്ടില്ല. 2024 കോടിയാണ് ദംഗലിന്റെ ആഗോള കലക്ഷൻ. 1810 കോടിയുമായി ബാഹുബലി ദ കൺക്ലൂഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 1056 കോടി നേടിയ കെജിഎഫ് 2 നാലാം സ്ഥാനത്താണ്. ഏപ്രിൽ 14 ലിനാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. വരും ദിവസങ്ങളിൽ ബാഹുബലിയെ വീഴ്ത്തി റോക്കി ഒന്നാമനാകും എന്ന പ്രതീക്ഷയിലാണ് ആരാധകർ.